
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മാസ്ക് താഴ്ത്തിയും സാമൂഹ്യഅകലം പാലിക്കാതെയും നാട്ടുകാർ അർമാദിക്കാൻ തുടങ്ങിയതോടെ കൊവിഡ് ബാധിതരുടെ എണ്ണം കോട്ടയത്ത് റോക്കറ്റ് പോലെ ഉയരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം ആവർത്തിക്കുന്നുണുെങ്കിലും നാട്ടുകാരാരും മൈൻഡ് ചെയ്യുന്നില്ലെന്നു മാത്രമല്ല കൊവിഡ് ബാധിതർ പോലും രോഗം മറച്ചുവച്ചു മിണ്ടാതെ ഉരിയാടാതെ കറങ്ങി നടക്കുകയാണ്. രാജ്യത്തെ പോസീറ്റീവ് നിരക്ക് കൂടുതലുള്ള പത്തു ജില്ലകളിൽ കോട്ടയത്തിന്റെ പേരുണ്ടെങ്കിലും എനിക്ക് കൊവിഡ് വരില്ലെന്ന മട്ടിലാണ് പലരും. ചെറുപ്പക്കാരിൽ പലർക്കും കൊവിഡ് പിടിപെട്ട് രോഗം ഭേദമായിട്ടും അസ്വസ്ഥതകളുമായി പലരും ആശുപത്രികളിലും വീടുകളിലും കഴിയുന്നുണ്ട്. എന്നാൽ സർക്കാർ നിയന്ത്രണത്തിൽ അയവ് വന്നതോടെ ആർക്കും പേടിയില്ലാതായി.
സിനിമാ തിയേറ്ററിൽ ഇടയ്ക്കുള്ള കസേരകളിൽ റിബർ കെട്ടിയതല്ലാതെ സാനിറ്റൈസർ ഇല്ല. സിനിമ തുടങ്ങിയ ശേഷം മിക്കവരും മാസ്ക് ഊരുന്നു. ഇരുട്ട് കാരണം മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനും കഴിയുന്നില്ല. ഇതിനിടെ കർഷക നിയമത്തിനെതിരെയും പിൻവാതിൽ നിയമനത്തിനെതിരെയും ഇന്ധന വില വർദ്ധനവിനെതിരെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ആൾക്കൂട്ട സമരം നടക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് പിറകെ ഇടതുമുന്നണി, ബി.ജെ.പി നേതാക്കളുടെ യാത്ര വരുന്നു. വലിയ ആൾക്കൂട്ടമെത്തുന്ന മന്ത്രിമാർ പങ്കെടുക്കുന്ന ജനസമ്പർക്ക പരിപാടി വരുന്നു. പ്രതിരോധ കുത്തിവയ്പ്പ് ആരോഗ്യപ്രവർത്തകരിൽ മാത്രമാണ് ഇതിനകം നടന്നത്. ഇതിനിടയിൽ രോഗം പടർത്തുന്ന മാലിന്യ പ്രശ്നമായി ഉപയോഗിച്ച മാസ്കുകളും മാറുന്നു. വഴി നീളെ ഉപയോഗിച്ച മാസ്കുകളുടെ കൂമ്പാരമാണ്. ബോധവത്ക്കരിക്കാനുള്ള ശ്രമവും ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നില്ല. നിയന്ത്രണങ്ങളുടെ കടിഞ്ഞാൺ പൊട്ടിയെന്ന് എല്ലാവരും സമ്മതിക്കുന്നു. കൂടുതൽ എന്തു പറയാൻ ....അനുഭവിക്കുക തന്നെ !