road


കട്ടപ്പന: കല്യാണത്തണ്ട് മലനിരകളുടെ വിനോദ സഞ്ചാര സാദ്ധ്യതകൾക്ക് മുതൽക്കൂട്ടായി വാഴവരകൗന്തികുരിശുമല റോഡ് തുറന്നു. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി ഡി.ടി.പി.സിയുമായി ചേർന്നുള്ള ഇക്കോ ടൂറിസം പദ്ധതിയിൽ കൗന്തിയെ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു.അടിമാലി-കുമളി ദേശീയപാതയിൽ നിന്നുള്ള കൗന്തി റോഡ് സഞ്ചാരയോഗ്യമായതോടെ മേഖലയിലേക്ക് വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കല്യാണത്തണ്ട് മലയിൽ നിന്നുള്ള ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യവും മൊട്ടക്കുന്നുകളുമെല്ലാം സന്ദർശകർക്ക് ആസ്വദിക്കാം.
നഗരസഭ കൗൺസിലർമാരായ ബിനു കേശവൻ, ബെന്നി കുര്യൻ, ഷാജി കൂത്തോടി, ജെസി ബെന്നി, സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് മനോജ് എംതോമസ്, കെ.ആർ. സോദരൻ, വാഴവര സെന്റ് മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് ഏറക്കാട്ട്, ബിനോയി അറയ്ക്കൽ, രാജു കുന്നേപറമ്പിൽ, സുരേന്ദ്രൻ തടത്തിപ്പറമ്പിൽ, ഷാജി കപ്പിലാംമൂട്ടിൽ, ലൂയിസ് വാകപ്പടി, ബിജു തെങ്ങുവിഴ തുടങ്ങിയവർ പങ്കെടുത്തു.