കോട്ടയം നഗരത്തിൽ 52 ഇടത്ത് പൊലീസ് കാമറ സ്ഥാപിക്കും

കോട്ടയം: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുമായി നഗരത്തിലെ 52 കേന്ദ്രങ്ങളിൽ കാമറയുമായി പൊലീസ്. ട്രാഫിക് പൊലീസും ജില്ലാ പൊലീസും ചേർന്നാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്നത്. നഗരത്തിൽ മാത്രം 13 കേന്ദ്രങ്ങളിലാണ് കാമറകൾ കണ്ണുതുറക്കുക. നഗരം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും, മോഷണവും ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായാണ് പൊലീസ് ഇപ്പോൾ കാമറ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിന് ഉൾവശം, നാഗമ്പടം പാലം, നാഗമ്പടം,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഉൾവശം, ബസ് സ്റ്റാന്റിനു സമീപം, സെൻട്രൽ ജംഗ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം, കളക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം സാധാരണക്കാരുടെ സുരക്ഷയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാമറകൾ സ്ഥാപിക്കുന്നത്.


360 ഡിഗ്രി കാമറകൾ

നഗരത്തിലെ 13 പോയിന്റുകളിൽ ഒൻപത് സ്ഥലങ്ങളിൽ 360 ഡിഗ്രിയിൽ കറങ്ങുന്ന ഹൈടെക് കാമറയാണ് സ്ഥാപിക്കുന്നത്. മറ്റിടങ്ങളിൽ സാധാരണ കാമറയും. കാമറയിലെ ദൃശ്യങ്ങൾ മുട്ടമ്പലത്തെ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. കൂടുതൽ പൊലീസിന്റെ സേവനം ആവശ്യമുള്ള സ്ഥലത്തേയ്ക്ക് വയർലെസ് വഴി സന്ദേശം എത്തിച്ച് പൊലീസിനെ അയയ്ക്കാനും സാധിക്കും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനും, ഈ കുരുക്കഴിക്കാനും പറ്റും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പരുകൾ ശേഖരിച്ച് കൃത്യമായി വീട്ടിൽ നോട്ടീസും എത്തും.

നഗരത്തിലുണ്ടായ ചില കൊലപാതക കേസുകളിൽ ഉൾപ്പെടെ നിരീക്ഷണാ കാമറാ ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചിരുന്നു. ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ മാത്രമായി മുമ്പ് പൊലീസ് ഏതാനും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും കാലപ്പഴക്കത്താൽ ഇവ പ്രയോജന രഹിതമായിരുന്നു.