
കോട്ടയം : 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കല്യാണ കൃഷ്ണൻ നായർ ചുവപ്പിച്ച മണ്ഡലമാണ് എൻ.എസ്.എസിന്റെയും കത്തോലിക്ക സഭയുടെയും വത്തിക്കാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചങ്ങനാശേരി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പി.രാഘവൻപിള്ളയെ 2846 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കല്യാണ കൃഷ്ണൻ നായർ തോൽപ്പിച്ചത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയ വിമോചന സമരത്തിന്റെ ഈറ്റില്ലമായി പിന്നീട് മാറിയ ചങ്ങനാശേരിയിൽ 1960ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.ഭാസ്കരൻ നായർ കല്യാണകൃഷ്ണൻ നായരെ തോൽപ്പിച്ചു. 1964ൽ കേരള കോൺഗ്രസ് രൂപീകരണത്തിന് ശേഷം 1965ലെ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസിലെ കെ.ജെ ചാക്കോ സി.പി.ഐയിലെ കെ.ജി.എൻ നമ്പൂതിരിപ്പാടിനെ 4287 വോട്ടുകൾക്ക് തോൽപ്പിച്ചു. എന്നാൽ 67ൽ കെ.ജി.എൻ നമ്പൂതിരിപ്പാട് ചങ്ങനാശേരിയെ വീണ്ടും ചുവപ്പിച്ചു.
70കെ.ജി.എൻ നമ്പൂതിരിപ്പാടിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി കെ.ജെ.ചാക്കോയ്ക്കായി വീണ്ടും ജയം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 77ലെ തിരഞ്ഞെടുപ്പിൽ ചാക്കോ വീണ്ടും ജയിച്ചു. 1980 ൽ ആയിരുന്നു സി.എഫ് തോമസിന്റെ രംഗപ്രവേശം. അന്ന് കേരളകോൺഗ്രസ് (എം) ഇടതുമുന്നണിയിലായിരുന്നു. യു.ഡി.എഫിന്റെ ഭാഗമായ ജോസഫ് ഗ്രൂപ്പിൽ നിന്ന് മത്സരിച്ച കെ.ജെ.ചാക്കോയെ ഹാട്രിക് ജയത്തിന് സമ്മതിക്കാതായിരുന്നു 2633 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സി.എഫിന്റെ കന്നി പോരാട്ട വിജയം. 1982ൽ കെ.ജെ.ചാക്കോ സ്വതന്ത്രനായി മത്സരിച്ചെങ്കിലും മുന്നണി മാറി യു.ഡി.എഫിൽ മത്സരിച്ച സി.എഫിനായിരുന്നു ജയം. പിന്നീട് 2016 വരെ നടന്ന ഏഴ് നിയമസഭാ തിരഞ്ഞെടുപ്പിലും സി.എഫ് വിജയക്കൊടി പാറിച്ചു. 1987ൽ വി.ആർ.ഭാസ്കരൻ, 91ൽ പ്രൊ.എം.ടി.ജോസഫ്, 96 ൽ അഡ്വ.പി.രവീന്ദ്രനാഥ്, 2001 ൽ പ്രൊഫ.ജെയിംസ് മണിമല, 2006 ൽ എ.വി.റസൽ, 2011ൽ ഡോ.ബി.ഇക് ബാൽ, 2016 ൽ ഡോ.കെ.സി ജോസഫ് തുടങ്ങിയവരെ ഇടതുമുന്നണി മാറി മാറി പരീക്ഷിച്ചെങ്കിലും സി.എഫിന്റെ ലീഡ് കുറയ്ക്കാനല്ലാതെ തോൽപ്പിക്കാനായില്ല. 2020 ൽ സി.എഫിന്റെ മരണത്തോടെ നാലുപതിറ്റാണ്ട് നീണ്ട സി.എഫ് യുഗം അവസാനിച്ചു.
ജോസ് - ജോസഫ് ഏറ്റുമുട്ടലോ ?
2021ലെ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് ജോസ് - ജോസഫ് സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുമോ അതോ ജോസഫ് ഗ്രൂപ്പിൽ നിന്ന് കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുമോ എന്ന് പറയാവുന്ന ചർച്ചകളിൽ മുന്നണികൾ എത്തിയിട്ടില്ല. കോൺഗ്രസ് സീനിയർ നേതാവ് കെ.സി ജോസഫിന്റെയും, ജോസ് വിഭാഗത്തിലെ ജോബ് മൈക്കിളിന്റെ പേരും ഇരുമുന്നണി സ്ഥാനാർത്ഥികളെന്ന നിലയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡോ.കെ.സി ജോസഫിനായി ജനാധിപത്യ കേരളകോൺഗ്രസും രംഗത്തുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റ മുണ്ടാക്കാൻ കഴിഞ്ഞതിനാൽ ഏറെ പ്രതീക്ഷയിലാണ് ഇടതുമുന്നണി.
നിയമസഭാ തിരഞ്ഞെടുപ്പ് : 2016
സി.എഫ്.തോമസ് : 50371
ഡോ.കെ.സി ജോസഫ് : 48522
ഭൂരിപക്ഷം : 1849
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടുനില
എൽഡി.എഫ് : 49186
യു.ഡി.എഫ് : 43855
എൻ.ഡി.എ : 5331