പാലാ: നഗരസഭാ പ്രദേശത്തെ ഉയരും കൂടിയ ആറാം വാർഡ് പുലിമലക്കുന്നിലെ ജലവിതരണ പദ്ധതിക്കായി മുന്നിട്ടിറങ്ങിയ കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന് പിന്തുണയുമായി നാട്ടുകാരും .വേനലിൽ മാത്രമല്ല മഴക്കാലത്തും കുടിവെള്ള ലഭ്യത കുറവായ ഇവിടെ ജലവിതരണ പദ്ധതി ആരംഭിക്കണമെന്നുള്ള പ്രദേശവാസികളുടെ ദീർഘകാല ആവശ്യം സഫലമാവുകയാണ്.
മുൻ എം.പി ജോസ് കെ.മാണിയുടെ ഇടപെടലിനെ തുടർന്ന് നഗരസഭ ഇവിടെ ജലപദ്ധതിക്കായി തുക വകകൊള്ളിച്ചിരുന്നുവെങ്കിലും ജലലഭ്യതയുള്ള
കിണർ നിർമ്മിക്കുന്നതിനും വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനും സ്ഥലമില്ലാത്തത് തിരിച്ചടിയായി.
കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്ന് നാട്ടുകാരായ തോമസ് കദളിക്കാട്ടിലും, ലിബി എബ്രാഹം മൂഴയിലും കിണറിനും വാട്ടർ ടാങ്കിനും ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു.ഇതോടെ ജലവിതരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്ഥലം സൗജന്യമായി വിട്ടുനൽകിയ സ്ഥലമുടമകളെ നാട്ടുകാർ അഭിനന്ദിച്ചു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് സർവേ നടത്തി കിണറിന് സ്ഥാനനിർണയം നടത്തും .നഗരസഭ വകയിരുത്തിയ ഫണ്ട് വിനിയോഗിച്ച് താമസിയാതെ പദ്ധതി സാക്ഷാത്കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു.ഇതിനായി വിപുലമായ ഉപഭോക്തൃസമിതി വിളിച്ചു ചേർക്കുമെന്ന് ബൈജു പറഞ്ഞു