oxygen

കോട്ടയം : ജില്ലയിലെ റോഡുകളിൽ കാഴ്‌ച മറച്ച് അപകടക്കെണിയൊരുക്കി ഫ്ള‌ക്‌സ് ബോർഡുകൾ വ്യാപകമാകുന്നു. പൊതുനിരത്തുകളിലെ ഫ്ലക്സ് ബോർഡുകൾ മൂന്നുമാസത്തിനകം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് വിട്ടിരുന്നു. വൻകിട ഇലക്ട്രോണിക് സ്ഥാപനങ്ങളുടെയും മറ്റും ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ മുന്നിട്ടിറങ്ങുമോയെന്നാണ് കാണേണ്ടത്. എം.സി റോഡിലും, കെ.കെ റോഡിലും അപകടക്കെണിയൊരുക്കി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫ്ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. കൈയേറ്റവും ഫ്ളക്‌സ് ബോർഡുകളുമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. ജില്ലയിലെ അൻപതോളം അപകട വളവുകളിൽ ഇത്തരത്തിൽ ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

അപകടക്കെണിയൊരുക്കി ഓക്സിജന്റെ കൂറ്റൻ ഫ്ലക്സ്

എം.സി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട് വളവിലെ ഏറ്റവും വലിയ വില്ലൻ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഫ്ളക്‌സ് ബോർഡാണ്. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വാഹനങ്ങൾ എത്തുമ്പോൾ ശ്രദ്ധ ആദ്യം പോകുന്നത് റോഡ‌രികിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്ളക്‌സ് ബോർ‌ഡിലേയ്‌ക്കാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കും. ഇത് കൂടാതെ ഷോറൂമിന് തൊട്ടുമുന്നിലെ പുരയിടത്തിന്റെ മതിൽ നിറയെ ഫ്ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. എം.സി റോ‌ഡിൽ കോടിമതയ്‌ക്കും ചിങ്ങവനത്തിനും ഇടയിലെ അപകടവളവുകളിൽ ഒന്നാണ് ചെമ്പരത്തിമൂട്.