murder

കോട്ടയം : പതിനാറിൽച്ചിറയിൽ അമ്മയെ വെട്ടി കൊലപ്പെടുത്തുകയും പിതാവിനെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം മകൻ ബിജു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. മുറിയ്ക്കുള്ളിൽ കയറി രണ്ടു തവണ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും കുരുക്ക് പൊട്ടി നിലത്ത് വീഴുകയായിരുന്നു. വാതിൽ പൊളിച്ചാണ് പൊലീസ് സംഘം അകത്തു കയറി ബിജുവിനെ കീഴ്പ്പെടുത്തിയത്. തിരുവാതുക്കൽ പതിനാറിൽച്ചിറയിൽ കാർത്തിക ഭവനിൽ സുജാത (72) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിതാവ് തമ്പി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുജാതയുടെ പേരിലുള്ള സ്വത്ത് തന്റെ പേരിലേയ്‌ക്ക് മാറ്റണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറായില്ല. ഇതിനിടെയാണ് പിതാവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും ബിജു ഉയർത്തിയത്. ഇതേപ്പറ്റി പിതാവിനോട് ചോദിക്കുമെന്ന് സുജാത പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ കത്തി എടുത്ത് ബിജു കുത്തുകയായിരുന്നു. കൈയിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ.അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.