വെള്ളാവൂർ: പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തും. ആർദ്രം മിഷൻ എൻ.ആർ.എച്ച്.എം മഖേന നടപ്പിലാക്കിയ പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗൺസലിംഗ്, പ്രത്യേക നിരീക്ഷണ സൗകര്യം, ഫാർമസിക്ക് മാത്രമായി പ്രത്യേക കെട്ടിടം എന്നിവ ഒരുക്കിയിട്ടുണ്ട്.
15.5 ലക്ഷം രൂപ എൻ. ആർ.എച്ച്.എം ഫണ്ടും 10.5 ലക്ഷം രൂപ എം.പി ഫണ്ടും ബാക്കി തുക പഞ്ചായത്ത് വിഹിതവുമാണ്. നിലവിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒപി സമയം. രണ്ട് ഡോക്ടർമാരടക്കം 17 ജീവനക്കാരുടെ സേവനം ലഭ്യമാണ്.
സാന്ത്വന പരിപാലന പദ്ധതി, ഫീൽഡ് തലത്തിൽ സമ്പൂർണ മാനസികാരോഗ്യ പരിപാടി, ജീവിതശൈലി രോഗ ക്ലിനിക്കുകൾ, സ്വകാര്യത ഉറപ്പാക്കുന്ന പരിശോധന മുറികൾ, ഡോക്ടർമാരെ കാണുന്നതിനു മുമ്പ് പ്രീ ചെക്കപ്പ് സൗകര്യം, ക്ഷയരോഗ മലേറിയ ക്ലിനിക്കുകൾ, ആന്റിജൻ ടെസ്റ്റ്, കൊവിഡാനന്തര ചികിത്സ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
ആർദ്രം മിഷന്റെ ഭാഗമായി വെള്ളാവൂർ കൂടാതെ കൂട്ടിക്കൽ, ഏറ്റുമാനൂർ, പൂഞ്ഞാർ, അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി ഈ മാസം 17ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിക്കും.