joseph

കോട്ടയം: കേരള കോൺഗ്രസ് (എം) കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ച് പി.ജെ. ജോസഫ്. മോൻസ് ജോസഫിന്റെ കടുത്തുരുത്തി ഒഴിച്ച് കോട്ടയത്തെ ഒമ്പതിൽ ഏട്ടു സീറ്റിലും കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഡി.സി.സി നേതൃത്വം നൽകി. ഇതിന് മറുപടിയായാണ് ജോസഫിന്റെ സമ്മർദ്ദ തന്ത്രം.ജോസ് വിഭാഗത്തിന് ഇടതു മുന്നണി 13 സീറ്റ് നൽകുമെന്ന കണക്കുകൂട്ടലിൽ, ജോസഫും 13 സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. കോട്ടയത്ത് ആറിൽ നാലു സീറ്റെങ്കിലും കിട്ടിയേ

തീരുവെന്ന കടുംപിടിത്തത്തോടെയാണ്, കടുത്തുരുത്തി ഒഴിച്ച് എട്ടു സീറ്റിലും കോൺഗ്രസ് മത്സരിക്കണമെന്ന പ്രമേയം ഡി.സി.സി പാസാക്കിയത്. എട്ടല്ലെങ്കിൽ ഒമ്പത്. അതിനപ്പുറം ജോസഫിന് നൽകാൻ കഴിയില്ലെന്നാണ് ആദ്യചർച്ചയിൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്.11ന് കൊച്ചിയിൽ ചർച്ച നടക്കും.കടുത്തുരുത്തിക്ക് പുറമെ ,ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോട്ടയത്ത് ഒഴിവു വന്ന ആറ് സീറ്റീൽ നാലെണ്ണമാണ് ജോസഫ് ആവശ്യപ്പെട്ടത്. രണ്ടെണ്ണം നൽകാമെന്ന് കോൺഗ്രസും. തർക്കം മൂത്തതോടെയാണ്, കടുത്തുരുത്തി ഒഴിച്ച് ജില്ലയിലെ എട്ടു സീറ്റിലും കോൺഗ്രസ് മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോതമം​ഗലം, റാന്നി, പേരാമ്പ്ര എന്നീ എട്ട് സീറ്റുകൾ ജോസഫിന് നൽകാൻ ധാരണയായതായും അറിയുന്നു. ജോസഫ് ഇതംഗീകരിക്കാത്ത സാഹചര്യത്തിൽ സീറ്റ് തർക്കം യു.ഡി.എഫിന് വെല്ലുവിളിയായേക്കും.