ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനു മാത്രമായി നിർമ്മിച്ച അമ്മയും കുഞ്ഞും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 10ന് രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഓൺലൈനിലൂടെ നിർവഹിക്കും. സർക്കാർ അനുവദിച്ച 4.8 കോടി രൂപ ചെലവിട്ട്‌ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്കിൽ ഐ.പി വിഭാഗത്തിൽ 100 കിടക്കകൾ ക്രമീകരിക്കാമെന്ന നിലയിലാണ് കെട്ടിടംപൂർത്തീകരിച്ചിരിക്കുന്നത്.

നാല് നിലകളിലായി നാൽപ്പതിലധികം മുറികളുണ്ട്. പുതിയ ബ്ലോക്ക് പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കും. റിസപ്ഷൻ, വിശ്രമമുറികൾ, ഒ.പി മുറികൾ തുടങ്ങി പതിനഞ്ചുമുറികളും പോർച്ചുമാണ് താഴത്തെ നിലയിലുള്ളത്. പ്രസവ വാർഡുകളും ഓപ്പറേഷൻ തിയേറ്ററും ആധുനിക സംവിധാനങ്ങളടങ്ങിയ സ്‌കാനിംഗ് മുറിയുമാണ് രണ്ടാം നിലയിൽ. മൂന്നാം നിലയിൽ ഇൻഫർട്ടിലിറ്റി വിഭാഗത്തിനുള്ള സൗകര്യവും നാലാം നിലയിൽ വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. എല്ലാ നിലകളിലും ഡോക്ടർമാർക്ക് പരിശോധനാ മുറികളും പൊതു ശൗചാലയവുമുണ്ട്. താലൂക്ക് ജനറൽ ആശുപത്രിയിലെ പ്രസവവാർഡ് കാലപ്പഴക്കംചെന്ന് നിലം പൊത്താറായ നിലയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 2010ലാണ് കെട്ടിടനിർമ്മാണത്തിന് തുക അനുവദിച്ചത്. എന്നാൽ കരാറുകാരന് കെട്ടിടനിർമ്മാണം മുന്നോട്ടുകൊണ്ടുപോവാൻ കഴിയാതെ വന്നു. എക്‌സിക്യൂട്ടീവ് എൻജിനീയർ നിരവധി തവണ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും നിർമാണം തുടർന്ന് നടത്താൻ കരാറുകാരൻ തയാറായില്ല. ആർദ്രം പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ഇപ്പോൾ പുതിയ മെറ്റേണിറ്റി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.


മറ്റ് പദ്ധതികൾ


നിലവിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ 5 കോടി

പ്രായമായവർക്ക് വേണ്ടി ജെറിയാട്രിക് വാർഡ് (50 ലക്ഷം)

ഒ.പിയ്ക്ക് പുറത്തേയ്ക്ക് വെയിറ്റിംഗ് ഏരിയ,റെഫറൽ സംവിധാനം തുടങ്ങിയവയ്ക്കായി ആർദ്രം പദ്ധതിയിൽ 2. കോടി 9 ലക്ഷം രൂപ.

കിഫ്ബി പദ്ധതിയിൽ 25 കോടി രൂപ ചെലവഴിച്ച് എട്ടു നിലകളുള്ള ഐ.പി ബ്ലോക്ക്

5 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്.