pala-c-kappan

കോട്ടയം: ഇടതു മുന്നണി വിടേണ്ടതില്ലെന്ന എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി, യു.ഡി.എഫ് പിന്തുണയോടെ പാലായിൽ മത്സരിക്കാനൊരുങ്ങി മാണി സി. കാപ്പൻ. ശരത് പവാർ എന്തു പറഞ്ഞാലും അനുസരിക്കുമെന്നും, യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാൻ തനിക്ക് ഭ്രാന്തുണ്ടോയെന്നും പരിഹസിച്ച കാപ്പൻ ഇന്നലെ മലക്കം മറിഞ്ഞു. പാലാ ആർക്കും വിട്ടു കൊടുക്കില്ലെന്ന പരസ്യ നിലപാടുമായി രംഗത്തെത്തി. എൻ.സി.പി നേതാവ് പ്രഭുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന നിർദ്ദേശമായിരുന്നു ശരത് പവാറിന്റേത്. ചർച്ചയ്ക്ക് പ്രഫുൽ പട്ടേൽ സമയം ചോദിച്ചെങ്കിലും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് കുറ്റപ്പെടുത്തി, പാലായിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാപ്പൻ . എന്നാൽ, ഫ്രഫൂൽ പട്ടേൽ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. സീറ്റ് ചർച്ച ആരംഭിക്കാത്തതിനാൽ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പു നൽകിയില്ല. ഇതാണ് കാപ്പനെ ചൊടിപ്പിച്ചത്. കാത്തിരിപ്പു നീളുമെന്നു മനസിലാക്കി . കോൺഗ്രസ് പിന്തുണ ഉറപ്പാക്കിയതായറിയുന്നു.

" പാലാ എന്റെ ചങ്കാണ് . പാലാ വേണ്ടെന്ന് ശരത് പവാർ പറയുമെന്നു തോന്നുന്നില്ല . അവസാന നിമിഷം സീറ്റില്ലെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാകും. യു.ഡി.എഫ് പിന്തുണ തേടാൻ ഭ്രാന്തുണ്ടോയെന്നല്ല, ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ് മത്സരിക്കുമോ എന്നു മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ജോസഫിന്റ ചെണ്ട ചിഹ്നത്തിൽ മത്സരിക്കാൻ ഭ്രാന്തുണ്ടോ എന്നാണ് പ്രതികരിച്ചത്. . "മാണി സി കാപ്പൻ പറഞ്ഞു.