ganja

കമ്പത്തുനിന്ന് വാങ്ങിയത് ഒന്നേകാൽ ലക്ഷത്തിന്

കട്ടപ്പന: ബൊലേറോയിൽ കടത്താൻ ശ്രമിച്ച 16.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വണ്ടൻമേട് മാലി മഹാറാണി ഇല്ലത്ത് ദൈവം(36), തമിഴ്‌നാട് രായപ്പൻപെട്ടി സ്വദേശി രഞ്ജിത്ത്(28) എന്നിവരെയാണ് വണ്ടൻമേട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ നർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ആമയാറിൽ നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച ബൊലേറോയിൽ നിന്നു മൂന്നു പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് കമ്പത്തുനിന്ന് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് വിൽക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തുടനീളം വിൽക്കുന്ന സംഘത്തിലെ കണ്ണകളാണ് പ്രതികളെന്നും സൂചനയുണ്ട്. ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള ബൊലേറോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ എന്നിവരുടെ നിർദേശപ്രകാരം വണ്ടൻമേട് സി.ഐ. നവാസ്, എസ്.ഐ. ജയകൃഷ്ണൻ, എസ്.ഐ. ജെയ്‌സ് പി.ജേക്കബ്, എസ്.സി.പി.ഒ. ഷിബു, സി.പി.ഒ. ലിറ്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

നാല് മാസം: പിടിച്ചെടുത്തത്

26.5 കിലോ കഞ്ചാവ്

നാല് മാസത്തിനിടെ വണ്ടൻമേട് സ്റ്റേഷൻ പരിധിയിൽ 26.5 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വണ്ടൻമേട് മാലി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ നിരവധി പേർ മുമ്പ് പിടിയിലായിട്ടുണ്ട്.