excise-

പാലാ: വനിതകൾ ഉൾപ്പെട്ട വിനോദയാത്രാസംഘം അളവിൽക്കൂടുതൽ ബീയർ വാങ്ങി വാഹനത്തിൽ കയറ്റി. സംഭവം അറിഞ്ഞെത്തിയ എക്‌സൈസ് സംഘം നടുറോഡിൽ 'വിലപേശൽ ' നടത്തി ഒടുവിൽ ബീയർ തിരികെക്കൊടുത്ത് വാഹനവും വിട്ടയച്ചു. സംഭവം വിവാദമായതോടെ എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണറും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പാലാ കട്ടക്കയം റോഡിൽ ബിവറേജിന് സമീപമായിരുന്നു സംഭവം.

ഒരു യുവാവ് ഒരു കെയ്‌സ് ബിയറുമായി നടന്നു വരുന്നതു കണ്ട് മഫ്തിയിലെത്തിയ പാലാ റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. വിവരമറിയിച്ചതിനെ തുടർന്ന് അസി. ഇൻസ്‌പെക്ടർ കെ.എസ് അനിൽകുമാർ, ഗാർഡ് അമൽ ഷാ എന്നിവർ സ്ഥലത്തെത്തി. നിയമപ്രകാരം 5 കുപ്പി ബീയർ മാത്രമേ ഒരാൾക്ക് കൊണ്ടുപോകാനാകൂവെന്നും ഇത് 12 കുപ്പിയുള്ളതിനാൽ കേസെടുക്കണമെന്നും ബീയർ പിടിച്ചെടുക്കണമെന്നും റേഞ്ച് അസി. ഇൻസ്‌പെക്ടർ ടെമ്പോ ട്രാവലറിൽ എത്തിയ വിനോദയാത്രാസംഘത്തെ അറിയിച്ചു.

ഇതിനിടെ സംഘത്തിൽപ്പെട്ട അഭിഭാഷക എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി എക്‌സൈസ് സംഘത്തോട് തട്ടിക്കയറി. ഇതോടെ ജനവും തടിച്ചുകൂടി. വിവരം ആരോ പാലാ റേഞ്ച് ഇൻസ്‌പെക്ടർ പോൾ വർക്കിയേയും അറിയിച്ചു. 12ൽ ആറു കുപ്പി കാണിച്ച് കേസെടുക്കാനും ബാക്കി ബിയർ തന്നുവിടാനും അഭിഭാഷക ആവശ്യപ്പെട്ടു. പിടിച്ചെടുത്ത കുപ്പി മുഴുവൻ കാണിച്ചേ കേസ്സെടുക്കാനാവൂ എന്നായി അസി.ഇൻസ്‌പെക്ടർ.

വിനോദയാത്രാസംഘവും എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം മുക്കാൽ മണിക്കൂറോളം തുടർന്നു.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന എക്‌സൈസ് ഗാർഡ് 'ആരെയോ '' വിളിച്ചു. കിട്ടിയ വിവരം അസി. ഇൻസ്‌പെക്ടറുടെ ചെവിയിൽ പറയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ കൺമുന്നിൽ തന്നെ വിനോദയാത്രാസംഘത്തെ എക്‌സൈസ് സംഘം യാത്രയാക്കുന്നതാണ് കണ്ടത്.

സംഭവം വിവാദമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പാലാ റേഞ്ച് അധികാരികളിൽ നിന്ന് വിശദീകരണം തേടുമെന്നും എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ സുൽഫിക്കർ പറഞ്ഞു.

വിനോദയാത്രാസംഘത്തിലെ ഒരാളുടെ കൈവശം ഒരു കെയ്‌സ് നിറയെ ബിയർ ഉണ്ടായിരുന്നില്ല. തെറ്റിധാരണ മൂലമാണ് ബിയർ കൊണ്ടുവന്ന ആളെ പിടിച്ചുനിർത്തിയത്. അനുവദനീയമായ അളവിലേ ബിയർ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് കേസെടുക്കാത്തത്.

പോൾ വർക്കി, പാലാ റേഞ്ച് ഇൻസ്‌പെക്ടർ

സംഘത്തിന്റെ കൈവശം ഒരു കെയ്‌സ് നിറയെ (12 കുപ്പി) ബിയർ ഉണ്ടായിരുന്നെങ്കിലും ആവശ്യമായ ബില്ലുകൾ ഹാജരാക്കിയതിനാലാണ് വിട്ടയച്ചത്. ഒരാൾ ഒരു കെയ്‌സ് ബിയറുമായി വരുന്നതു കണ്ടാണ് മഫ്ത്തിസംഘം പിടികൂടിയത്.

കെ.എസ്. അനിൽകുമാർ, പാലാ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ

സംഭവത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ പരാതിക്കാരുണ്ടെങ്കിൽ അപ്പോൾ അന്വേഷിക്കാം.

രാജേഷ് ജോൺ, പാലാ എക്‌സൈസ് സി.ഐ