anchuruli
അഞ്ചുരുളിയിൽ ടണൽമുഖത്തേയ്ക്കുള്ള മൺപാതയോട് ചേർന്ന് നടക്കുന്ന സുരക്ഷ വേലി നിർമ്മാണം

കട്ടപ്പന: അപകട മേഖലയായി മാറിയ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷ വേലി നിർമാണം പുരോഗമിക്കുന്നു. ടണൽമുഖത്തേയ്ക്കുള്ള മൺപാതയുടെ വശത്ത് 50 മീറ്റർ ദൂരത്തിലാണ് രണ്ടര ലക്ഷം രൂപ മുടക്കി കെ.എസ്.ഇ.ബി സുരക്ഷാ വേലി നിർമിക്കുന്നത്. ആറടിയോളം ഉയരത്തിൽ ഇരുമ്പ് കമ്പികൾ കോൺക്രീറ്റ് ചെയ്ത് ഇവ തമ്മിൽ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികളും സ്ഥാപിക്കുന്നുണ്ട്. തുടർന്ന് വേലിയിൽ ഇരുമ്പ് വലകൾ കെട്ടിയാണ് സുരക്ഷ വേലി നിർമിക്കുന്നത്. കൂടാതെ ടണൽമുഖത്തേയ്ക്ക് ആളുകൾ പ്രവേശിക്കുന്ന സ്ഥലത്ത് ഗേറ്റും സ്ഥാപിക്കും.
ലോക്ക് ഡൗൺ കാലത്ത് ടണൽമുഖത്ത് കമ്പിവേലി സ്ഥാപിച്ചിരുന്നെങ്കിലും ആഗസ്റ്റിലെ മഴക്കാലത്ത് ടണലിലൂടെ വെള്ളം കുത്തിയൊലിച്ച് തകർന്നിരുന്നു. തുരങ്ക മുഖത്തേക്കുള്ള മൺപാത ഇടിഞ്ഞതിനെ തുടർന്ന് വീതി കൂട്ടി നിർമിക്കുകയായിരുന്നു. ലോക്ക്ഡൗണിനു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നപ്പോൾ അഞ്ചുരുളിയിൽ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. എന്നാൽ ടണൽമുഖത്തെ പായൽനിറഞ്ഞ പാറക്കെട്ടുകളിൽ ആളുകൾ ഇറങ്ങുന്നതും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. കൂടാതെ തുരങ്കത്തിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുന്നതും പതിവാണ്. തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യപ്രകാരം സുരക്ഷാ വേലി നിർമിക്കാൻ കെ.എസ്.ഇ.ബി. നടപടി സ്വീകരിക്കുകയായിരുന്നു.