വൈക്കം: വിഷു ഉത്സവത്തിന്റെ മുന്നോടിയായി എല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറി ഉത്പ്പന്നങ്ങൾ ലഭ്യമാക്കാൻ പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ വിംഗ്‌സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ വിഷരഹിത പച്ചക്കറി ഉത്പ്പന്നങ്ങൾ വിളയിക്കുകയാണ് ലക്ഷ്യം. 200 ഭവനങ്ങളിൽ നടപ്പാക്കുന്ന കൃഷിയുടെ വിത്ത് വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൃഷിയിൽ മികവ് പുലർത്തുന്ന കർഷകരെയും കുട്ടികർഷകരെയും വനിതാകർഷകരെയും സൊസൈറ്റി ആദരിക്കും. പ്രസിഡന്റ് എസ്. അജീഷ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വിനു ഡി.നമ്പൂതിരി , തുറവൂർ ടി.ഡി.എച്ച്.എസ്.എസ് അദ്ധ്യാപകൻ പ്രതാപ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുലോചന പ്രഭാകരൻ , വാർഡ് മെമ്പർ ശ്യാമള, സെക്രട്ടറി കെ. ആർ. അനൂപ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി. സദാനന്ദൻ, എസ്.കെ. വിപിൻ ദാസ് എന്നിവർ പ്രസംഗിച്ചു.