അമിതവേഗതയ്ക്കെതിരെ വ്യാപക പരാതി
പാലാ: പാലായിൽ ബസുകൾ പായുകയാണ്. പക്ഷേ നടപടിയെടുക്കേണ്ട ട്രാഫിക്ക് പൊലീസാകട്ടെ വെറും കാഴ്ചക്കാരും. ബസുകളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പരാതിയുണ്ട്. വേഗത നിയന്ത്രണ സംവിധാനങ്ങളൊന്നും പാലിക്കാതെ പായുന്ന ബസുകൾക്ക് മുന്നിൽ നിന്ന് ഭാഗ്യത്തിന്റെ അകമ്പടിയിലാണ് പലപ്പോഴും യാത്രക്കാർ രക്ഷപെടുന്നത്. കഴിഞ്ഞ ദിവസം ടൗൺ ബസ് സ്റ്റാന്റിന് മുന്നിലെ ബസ് സ്റ്റോപ്പിലുണ്ടായതാണ് ഒടുവിലത്തെ അപകടം. കോട്ടയം റൂട്ടിൽ നിന്ന് അമിതവേഗതയിലെത്തിയസ്വകാര്യ ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഒരു വനിതയായിരുന്നു ലേണേഴ്‌സ് ചിഹ്നം പതിപ്പിച്ച കാർ ഓടിച്ചിരുന്നത്. സ്വകാര്യ ബസ് അമിതവേഗതയിൽ വരുന്നത് കണ്ട് വനിതാ ഡ്രൈവർ കാർ ഇടത്തേക്ക് വെട്ടിച്ചു.അവിടെ ബസ് കാത്തുനിന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന പൂവേലിൽ ബസാണ് അപകടമുണ്ടാക്കിയത്. സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് സ്വകാര്യബസുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നു. കാർ ഡ്രൈവറായ വനിതയോട് തങ്ങൾ ഇക്കാര്യത്തിൽ നിസഹായരാണന്നും പരാതി ഉണ്ടെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് എഴുതിക്കൊടുക്കാനും നിർദ്ദേശിച്ച് ട്രാഫിക് പൊലീസ് സ്ഥലംവിട്ടു. തുടർന്ന് ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ അപകടത്തെചൊല്ലി തർക്കമുണ്ടായി. .15 മിനിറ്റോളം മെയിൻ റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ സീബ്രലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന സ്ത്രീയെ സ്വകാര്യ ബസ് ഇടിച്ചിട്ടതും പാലാ ടൗൺ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ സ്വകാര്യബസിടിച്ചതും അടുത്തകാലത്താണ്. കൊട്ടാരമറ്റത്ത് വേഗതയിലെത്തിയ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പതിവാണ് അപകടം
നഗരത്തിലൂടെയെങ്കിലും സ്വകാര്യബസുകൾ പായുന്നത് തടയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മെയിൻ റോഡിലൂടെ വേഗതയിൽ വരുന്ന ബസുകൾ പെട്ടെന്ന് ടൗൺ ബസ് സ്റ്റാന്റിലേക്ക് തിരിക്കുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഒരു ഇടവേളയ്ക്ക് ശേഷം ടൗൺ ബസ് സ്റ്റാന്റിലെ എയ്ഡ് പോസ്റ്റിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർ മുറിയ്ക്ക് പുറത്തിറങ്ങാറില്ലെന്ന ആക്ഷേപവും ശക്തമാണ്.