koythu

കോട്ടയം: പുഞ്ചകൃഷി വിളവെടുപ്പിന് സമയമായപ്പോൾ കൊയ്ത്ത് യന്ത്രങ്ങൾക്കായി കർഷകർ നെട്ടോട്ടത്തിൽ. കോട്ടയം നഗരസഭ, ജില്ലാ പഞ്ചായത്ത്, വൈക്കം അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തുരുമ്പെടുത്ത് നശിച്ചുകിടക്കുകയാണ്. ഇപ്പോൾ കർഷകർക്ക് ഏക ആശ്രയം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ സ്വകാര്യ ഉടമകളെ മാത്രം. കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിൽ കൊയ്ത്തിനെത്തിയിരുന്നത് അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ ഉടമകളുടെ കൊയ്ത്ത് യന്ത്രങ്ങളായിരുന്നു.

കൊയ്ത്ത് ആരംഭിക്കും മുമ്പേ കർഷകർ യന്ത്രങ്ങൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ യന്ത്രം ലഭ്യമല്ലായെന്ന മറുപടിയാണ് കിട്ടുന്നത്. കൊയ്ത്തിന് യന്ത്രങ്ങൾ എത്തിക്കുന്നത് സ്വകാര്യ ഏജന്റുമാരാണ്. കൂടുതൽ വാടകയാണ് ഇടനിലക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വാടക കൂട്ടാനാണ് ഏജന്റുമാരുടെ ശ്രമമെന്നാണ് അറിയുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്ന് സീസണിൽ നൂറുകണക്കിന് യന്ത്രങ്ങളാണ് എത്തിയിരുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൊയ്ത്ത് യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്നും മറ്റും എത്തിക്കുന്നത് ഏജന്റുമാരാണ്. ഇവർ കൂലി കൂടുതൽ ചോദിക്കുകയാണിപ്പോൾ. കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചതോടെ കർഷകർ സമ്മർദ്ദത്തിലാണ്. യന്ത്രം കിട്ടാതായാൽ പറയുന്ന കൂലി നല്കി നെല്ല് കൊയ്തെടുക്കാൻ കർഷകർ നിർബന്ധിതരാവും. ഇതിനാലാണ് കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ആർപ്പുക്കര, കുമരകം, കല്ലറ, അയ്മനം പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് പാടങ്ങളിലെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്. ഈ പഞ്ചായത്തുകളിൽ ചില പാടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. താമസിയാതെ കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിയില്ലെങ്കിൽ കർഷകർ വെട്ടിലാവും. പഴയകാലത്തെ പോലെ തൊഴിലാളികളെ കൊണ്ട് നെല്ല് കൊയ്തെടുക്കുക അസാദ്ധ്യമാണ്. ഈ മേഖലയിൽ ഇപ്പോൾ തൊഴിലാളികളില്ല. വനിതകളായിരുന്നു ഈ മേഖലയിൽ കൂടുതലും ജോലി ചെയ്തിരുന്നത്. എത്ര പണം നല്കിയാലും തൊഴിലാളികളെ ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കോടികൾ ചെലവഴിച്ചാണ് കോട്ടയം നഗരസഭയും ജില്ലാ പഞ്ചായത്തും കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങിയത്. കോട്ടയം നഗരസഭയുടെ കൊയ്ത്ത് യന്ത്രം ഒരു മാസം മാത്രം പ്രവർത്തിച്ചശേഷം നഗരസഭയുടെ നാട്ടകം മേഖലാ ഓഫീസിന്റെ പോർച്ചിൽ കിടക്കുകയായിരുന്നു. അടുത്തയിടെ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടിരിക്കയാണ്. ചെറിയ കേടുപാട് സംഭവിച്ചതിനെ തുടർന്നാണ് ഈ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചത്. വർഷങ്ങളായിട്ടും ഈ യന്ത്രം നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. ഇത് കർഷകർക്ക് തിരിച്ചടിയായി. ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് യന്ത്രത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.