
കോട്ടയം : സുരേഷ് കുറുപ്പ് തുടർച്ചയായി രണ്ടുതവണ ചുവപ്പിച്ച ഏറ്റുമാനൂരിൽ ഇത്തവണ ഹാട്രിക് വിജയമാണ് സി.പി.എം ലക്ഷ്യമിടുന്നത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ സി.എസ്.ഗോപാലപിള്ളയെ 1493 വോട്ടുകൾക്ക് തോൽപ്പിച്ച് കോൺഗ്രസിലെ ജോസഫ് ജോർജാണ് ഏറ്റുമാനൂരിലെ ആദ്യ എം.എൽ.എയായത്. 1960ൽ കുമരകം ശങ്കുണ്ണിമേനോനെ 8558 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജോർജ് ജോസഫ് പൊടിപാറ തോൽപ്പിച്ചു. കേരള കോൺഗ്രസ് രൂപീകരിച്ച ശേഷം 1965 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുസ്തഫ കണി റാവുത്തരെ തോൽപ്പിച്ച് കേരള കോൺഗ്രസിലെ എം.എം.ജോസഫിനായിരുന്നു ജയം. 67 ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.പി.വിൽസൻ വിജയിച്ചു. 1970ലും, 1977 ലും പി.ബി.ആർ പിള്ള (എസ്.ഒ.പി ) വിജയിച്ചു.
1980 ൽ ആദ്യമായി വൈക്കം വിശ്വനിലൂടെ ഏറ്റുമാനൂർ ചുവന്നു. 1982 ൽ വൈക്കം വിശ്വനെ തോൽപ്പിച്ച് കേരള കോൺഗ്രസ് ജോസഫിലെ ഇ.ജെ.ലൂക്കോസ് വിജയിച്ചു. 1987 ൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി. മത്തായിയെ (കേരളകോൺഗ്രസ് ) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോസഫ് പൊടിപാറ അട്ടിമറി ജയം നേടി. 1991,1996, 2001 തിരഞ്ഞെടുപ്പുകളിൽ കേരളകോൺഗ്രസിലെ തോമസ് ചാഴികാടൻ ഹാട്രിക് വിജയം നേടി. സഹോദരൻ ബാബുചാഴികാടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൈക്ക വിശ്വനെ 889 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ചാഴികാടന്റെ ആദ്യജയം. 2006 ൽ ചാഴികാടന്റെ കുത്തക അവസാനിപ്പിച്ച് സുരേഷ് കുറുപ്പ് ഏറ്റുമാനൂർ ചുവപ്പിച്ചു. 1801 വോട്ടുകൾക്കായിരുന്നു ജയം. 2016 ലും കുറുപ്പ് വിജയം തുടർന്നു. 8899 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ചാഴികാടനെ തോൽപ്പിച്ചത്. മൂന്നാംസ്ഥാനത്തു വന്ന ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി എ.ജി തങ്കപ്പൻ 27540 വോട്ട് നേടി കരുത്തു തെളിയിച്ചു.
ഇടതിനായി കുറുപ്പോ വാസവനോ ?
2021ലെ തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പ്, വി.എൻ.വാസവൻ എന്നിവരുടെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. രണ്ടിൽ കൂടുൽ തവണ മത്സരിച്ചവരെയും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെയും പരിഗണിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനം ബാധകമായാൽ കുറുപ്പിനും വാസവനും സീറ്റ് ലഭിക്കില്ല. എന്നാൽ ജയസാദ്ധ്യത പരിഗണിച്ച് ഇവരിൽ ഒരാൾക്ക് ഇളവ് ലഭിച്ചേക്കാം. യു.ഡി.എഫിൽ സീറ്റിനായി കോൺഗ്രസ് - കേരളകോൺഗ്രസ് (ജെ) സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഏറ്റുമാനൂർ നഗരസഭ, ആർപ്പൂക്കര, കുമരകം, അയ്മനം, തിരുവാർപ്പ്, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകൾ ചേർന്ന മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിനായിരുന്നു മുൻതൂക്കം.
നിയമസഭ വോട്ടിംഗ് നില : 2016
സുരേഷ് കുറുപ്പ് : 53085
തോമസ് ചാഴികാടൻ : 44906
എ.ജി തങ്കപ്പൻ : 27540
തദ്ദേശവോട്ടിംഗ് നില
എൽ.ഡി.എഫ് : 52150
യു.ഡി.എഫ് : 46518
എൻ.ഡി.എ : 18122