കാഞ്ഞിരപ്പള്ളി: ദീർഘനാളത്തെ കാത്തിരുപ്പിന് വിരാമം. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനും, ടെക്നിക്കൽ സ്കൂളും ഇനി മുതൽ
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. റവന്യൂ വകുപ്പ് ഉപയോഗാനുമതിയോടെ വിട്ടുനല്കിയ സ്ഥലത്താണ് പൊലീസ് സ്റ്റേഷനായി പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മൂന്നു നിലകളിലായി ഒന്നര കോടിയോളം രൂപ ചിലവിൽ കേരള പൊലീസ്് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് കെട്ടിടം നിർമ്മിച്ചത്. മൂന്നര പതിറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളി മണങ്ങല്ലൂരിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഗവ: ടെക്നിനിക്കൽ സ്കൂളിനും പുതിയ മന്ദിരം ഉയർന്നു കഴിഞ്ഞു. മണങ്ങല്ലൂരിലെ നിറുത്തലാക്കിയ പഴയ ഗവൺമെൻ്റ് എൽ.പി.സ്കൂൾ വക സ്ഥലത്തു നിന്നും വിദ്യാഭ്യാസ വകുപ്പ് ,സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ 60 സെൻ്റ് സ്ഥലത്താണ് പുതിയ മൂന്നുനിലമന്ദിരം ഉയർന്നിരിക്കുന്നത്.എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടിയോളം രൂപ മുടക്കിയാണ് നിർമ്മാണം. പൊലീസ് സ്റ്റേഷന്റെയും, ടെക്നിക്കൽ സ്കൂളിന്റേയും ഉദ്ഘാടനം ഈ മാസം തന്നെയുണ്ടായേക്കും.