
സർക്കാർ ഉദ്യോഗസ്ഥരുടെ മകൻ കളിച്ച് കളഞ്ഞത് ഒന്നര ലക്ഷം
കോട്ടയം: ഓൺലൈൻ ഗെയിമുകൾ വഴി ലക്ഷങ്ങൾ കളിച്ച് കളഞ്ഞ കുട്ടിക്കളിക്കാരുടെ 50 മൊബൈൽ ഫോണുകൾ പൊലീസ് 'കസ്റ്റഡിയിൽ'. ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് നടത്തിയ പരിശോധനയിലാണ് എട്ടു മണിക്കൂറിലേറെ ഒരു ദിവസം ഓൺലൈൻ ഗെയിമുകൾക്കായി ചെലവഴിക്കുന്ന കുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരായ ദമ്പതികളുടെ മകൻ കഴിഞ്ഞ മാസം വീഡിയോ ഗെയിം കളിച്ച് കളഞ്ഞത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.
നേരത്തെ പബ്ജിയോടായിരുന്നു യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ പ്രിയം. എന്നാൽ കേന്ദ്ര സർക്കാർ പബ്ജി നിരോധിച്ചതോടെ കുട്ടികൾ കൂട്ടത്തോടെ ഫ്രീഫയർ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക് ഡൗണിന് ശേഷമാണ് ഇത്തരത്തിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നതും കുട്ടികളുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടായതായുമുള്ള പരാതികൾ ഓപ്പറേഷൻ ഗുരുകുലത്തിൽ എത്തിയത്.
ഉറക്കമില്ല, ഭക്ഷണവും വേണ്ട
കഞ്ചാവിനേക്കാൾ അതിഭീകരമായ 'ലഹരിയാണ്' വീഡിയോ ഗെയിം കുട്ടികൾക്ക് നൽകുന്നതെന്നാണ് ഓപ്പറേഷൻ ഗുരുകുലത്തിന്റെ കണ്ടെത്തൽ. കുട്ടികളുടെ മാനസിക - ശാരീരിക അവസ്ഥയെ ഇത് മാറ്റിമറിയ്ക്കുന്നു. പലരും ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഗെയിമിനായി സമയം പാഴാക്കുന്നത്.
അടിമയാണോ, ലക്ഷണങ്ങൾ ഇവ
ഉറക്കിമില്ലായ്മ
ഉന്മേഷക്കുറവ്, ക്ഷീണം
അമിതമായ ദേഷ്യം
മൊബൈലിനോട് അമിത ആസക്തി