പാലാ: നഗരസഭാ പ്രദേശത്തെ മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങൾ ശുചീകരിക്കുന്ന ''അമ്മയാണാറ് തോടും'' ശുചീകരണ യജ്ഞത്തിന് തുടക്കമായി.മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെയും നഗരസഭാ ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ മുനിസിപ്പൽ അതിർത്തി വരെ വൃത്തിയാക്കുന്ന പദ്ധതിയാണ് ''അമ്മയാണാറ് തോടും'' ശുചിത്വ യജ്ഞം.
ആറിന്റെയും തോടിന്റെയും തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും, കാടുംവള്ളിപ്പടർപ്പുകളും നീക്കം ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. സ്റ്റേഡിയത്തിനടുത്തുള്ള ളാലം തോടു ഭാഗത്ത് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി അമ്മയാണാറ് തോടിനെപ്പറ്റിയുള്ള ശുചിത്വ ബോധവത്ക്കരണ സന്ദേശം നൽകി.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നീന ജോർജ്ജ്, കൗൺസിലർമാരായ ലീന സണ്ണി, ബിജി ജോജോ, ലിസികുട്ടി മാത്യു, ആനി ബിജോയി, സന്ധ്യ ബിനു, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.തുടർച്ചയായ ദിവസങ്ങളിൽ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടേയുമൊക്കെ സഹകരണത്തോടെ പദ്ധതി തുടരാനാണ് നഗരസഭയുടെ തീരുമാനം.