കട്ടപ്പന: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥം കട്ടപ്പന നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിച്ചു. ഇടുക്കിക്കവല, കെ.എസ്.ഇ.ബി ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിലെ ബോർഡുകളുടെ ക്ലോത്തുകൾ ഞായറാഴ്ച രാത്രിയാണ് കീറിക്കളഞ്ഞത്. സംഭവത്തിൽ സ്വാഗത സംഘം കട്ടപ്പന പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി 10ന് ഇരുചക്ര വാഹനത്തിലെത്തിയ സംഘമാണ് ബോർഡുകൾ നശിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജില്ലാ, പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെട്ട ബോർഡുകൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. മറ്റു ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതേസമയം ഡീൻ കുര്യാക്കോസ് എം.പിയുടെ ചിത്രം ബോർഡുകളിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ തള്ളി. സംഭവത്തിൽ പാർട്ടി തലത്തിലും അന്വേഷണം ആരംഭിച്ചതായും പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി പറഞ്ഞു.