ചങ്ങനാശേരി : എം.സി റോഡിൽ തുരുത്തിയിൽ ടോറസ് ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ പെരുന്ന പനച്ചിക്കാവ് രതീഷ് ഭവനിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (35) ന് ദാരുണാന്ത്യം. പുന്നമൂട് ജംഗ്ഷനടുത്ത് ബി.എസ്.എൻ.എൽ ഓഫീസിന് സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടോറസ് എതിർ ദിശയിൽ നിന്ന് ആംബുലൻസ് വരുന്നതുകണ്ട് വശത്തേക്ക് ഒതുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയും രതീഷ് ലോറിയ്ക്കടിയിലേയ്ക്ക് വീഴുകയുമായിരുന്നു.
രതീഷിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചങ്ങനാശേരി സ്റ്റേഷൻ എസ്.ഐ ഇൻ ചാർജ് മേരി സുപ്രഭ, ട്രാഫിക് എസ്.ഐ ടോം മാത്യു, ചങ്ങനാശേരി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ആർ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്, ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. വിദേശത്ത് ജോലി ചെയ്തിരുന്ന രതീഷ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലി ആവശ്യത്തിനായി കോട്ടയത്തേയ്ക്കു പോകുന്നതിനിടയായിരുന്നു അപകടം. മാതാവ്: സുമതിയമ്മ ചങ്ങനാശേരി മുനിസിപ്പൽ ഓഫീസിലെ മുൻ ജീവനക്കാരിയാണ്. ഭാര്യ : പ്രിയ ജി.നായർ. മക്കൾ: അമൃത, അനഘ.