കോട്ടയം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ ധർണ നടത്തും. കോട്ടയം, ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, പൊൻകുന്നം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലാണ് സമരം. രാവിലെ 11 മുതൽ 12 വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമരം നടത്തുന്നത്. സംസ്ഥാന ജില്ലാ ഭാരവാഹികൾ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യും. ഇരുമ്പ് ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ലൈസൻസ് ഇല്ലാത്തവരുടെ മൊബൈൽ വെൽഡിംഗ് വർക്കുകൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. പത്രസമ്മേളനത്തിൽ വി.ആർ രാമചന്ദ്രൻ, പി.കെ സ്വാമിനാഥൻ, റെജിമോൻ സി.മാത്യു, കെ.കെ ദിലീപ്കുമാർ, പി.കെ ബാലകൃഷ്ണൻ, എം.ടി സുരേഷ് എന്നിവർ പങ്കെടുത്തു.