road


അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്തെ മുഖംമിനുക്കൽ ജോലികൾ തുടങ്ങി.നേര്യമംഗലം വനമേഖലയിൽ ഉൾപ്പെടെ അപകടകരമായ വളവുകൾ നിവർത്തിയതിനൊപ്പം വീതി കുറഞ്ഞ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് പാതയുടെ വിസ്താരവും വർദ്ധിപ്പിച്ചു.ദേശിയപാത വികസനം പൂർണ്ണമായാൽ മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കുൾപ്പെടെ അത് കരുത്താകും.മുഖം മിനുക്കിയതോടെ നേര്യമംഗലം വനമേഖലയിൽ പതിവായിരുന്ന വാഹനാപകടങ്ങൾക്കും കുറവ് വന്നതായി പ്രദേശവാസികൾ പറയുന്നു.അടിമാലിക്കും ഇരുട്ടുകാനത്തിനുമിടയിലുള്ള വിവിധ ഭാഗങ്ങളിലെ കലുങ്ക് നിർമ്മാണം ദൃതഗതിയിൽ പുരോഗമിക്കുകയാണ്.വിസ്താരം വർധിപ്പിച്ച ഭാഗത്ത് അപകടകരമാംവിധം നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് നീക്കാൻ നടപടി വേണമെന്ന ആവശ്യവും പ്രദേശവാസികളും വാഹനയാത്രികരും മുമ്പോട്ട് വയ്ക്കുന്നുണ്ട്.മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണംനാൾക്ക് നാൾ വർദ്ധിക്കുന്നതോടെ നേര്യമംഗലം വനമേഖലയിൽ ഉൾപ്പെടെ അടിമാലിക്കും മൂന്നാറിനും ഇടയിൽ വിവിധ ഇടങ്ങളിൽ ഗതാഗതകുരുക്കുണ്ടാകുന്നത് പതിവായിരുന്നു.പാത മുഖം മിനുക്കിയതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.