sarpa

കോട്ടയം: മഞ്ഞും കഠിനമായ ചൂടും. അതിനിടയിൽ ചെറു മഴയും. മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തിറങ്ങാൻ തുടങ്ങി. മലയോര, പടിഞ്ഞാറൻ മേഖലകളിൽ ഇതിനകം നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടിച്ചു. ജാഗ്രത വേണമെന്നാണ് വനംവകുപ്പിന്റെ നിർദേശം.
പാടശേഖരങ്ങളും റബർക്കാടുകളും പാമ്പുകളുടെ വിഹാര കേന്ദ്രമാണിപ്പോൾ. മഹാപ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകൾ നാട്ടിൻപുറത്തെത്തി. പുഴയോരമേഖലകളിലും മറ്റും ഒട്ടേറെ അപരിചിത ഇനത്തിൽപെട്ട പാമ്പുകളെ കാണുന്നതായി നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പുഴയോരത്തെയും സമീപ കുറ്റിക്കാടുകളിലെയും മാളങ്ങൾ പൂർണമായും നികന്ന സ്ഥിതിയാണ്. അതോടെ പാമ്പുകൾ പുറത്തുചാടുന്നത് പതിവായി.

 ഇത് പാമ്പുകാലം

ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാൻ നെട്ടോട്ടമോടുന്ന സമയമാണിത്. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും. കൊത്തലിന്റെ ശക്തിക്കനുസരിച്ച് പരമാവധി വിഷം കടിയേൽക്കുന്ന ആളുടെ ശരീരത്തിലെത്തും. വേനൽച്ചൂടിലെ പാമ്പുകടി അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും.

2020ൽ കടിയേറ്റവർ 239

 കഴിഞ്ഞ മാസം 23പേർ

'' അപകട സാദ്ധ്യത മുന്നിൽ കണ്ട് താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്''

-ജേക്കബ് വറുഗീസ്,​ ഡി.എം.ഒ

 സഹായിക്കാൻ ആപ്പ്

പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വാളണ്ടിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ എന്നപേരിലുള്ള ആപ്ളിക്കേഷൻ പ്ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നമ്മുടെ ലൊക്കേഷന് 25 കിലോമീറ്റർ പരിധിയിലുള്ളവരുടെ നമ്പരുകൾ ആപ്പിൽ ലഭിക്കും. 19 വനംവകുപ്പ് ജീവനക്കാരടക്കം 34 പേർക്കാണ് ജില്ലയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുള്ളത്.

കരുതൽ വേണ്ട സമയം

 മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും

 ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് ഇര തേടിയിറങ്ങും

 ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ചു മാളത്തിലെത്തും

 ഈ രണ്ടു സമയത്തും മുന്നിൽപ്പെടുന്ന ആരെയും കടിക്കാം