kappa

കോട്ടയം: പച്ചക്കപ്പയ്ക്ക് വിലയിടിഞ്ഞതോടെ നാട്ടിൻപുറങ്ങളിൽ കപ്പവാട്ട് സജീവം. മൂടോടെ കപ്പ പറിച്ച് അരി‌ഞ്ഞ് ചൂടുവെള്ളത്തിൽ വാട്ടി ഉണക്കിയെടുത്ത് സൂക്ഷിക്കാനുളള തിരക്കിലാണ് നാട്ടിൻ പുറം. അയൽവാസികളും തൊഴിലാളികളും മുതിർന്നവരും മറ്റും ചേർന്ന് കപ്പ അരിയലും വാട്ടലും എല്ലാം ഉത്സവപ്രതീതിയിലാണ്.

ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ കപ്പകൃഷി സജീവമായിരുന്നു. റെക്കോഡ് കപ്പ ഉത്പാദനമാണ് ജില്ലയിൽ. ഉത്പാദനം കൂടിയതോടെ വിലയും ഇടിഞ്ഞു. പച്ചക്കപ്പ വി​റ്റാൽ നഷ്ടമാണെന്ന് ഉറപ്പിച്ചതോടെയാണ് അൽപ്പം മെനക്കെട്ടാലും ഉണക്കാനുള്ള തീരുമാനം.

 വില 10 രൂപവരെ
തറവില 12 രൂപയാണെങ്കിലും പച്ചക്കപ്പയുടെ വില 10രൂപ വരെയെത്തി. മൊത്തത്തിൽ കൃഷി പറഞ്ഞെടുത്താൽ അത്രപോലും കിട്ടില്ല. ഉത്പാദനം കൂടിയപ്പോൾ കാർഷിക ലേലവിപണികളിൽ പോലും കപ്പ എടുക്കുന്നതു നിറുത്തി. ഇതോടെയാണ് ഉണക്ക് കപ്പയാക്കാൻ കർഷകർ തീരുമാനിച്ചത്. നഗരപരിധിയിലെ വിവിധ പഞ്ചായത്തുകൾക്ക് പുറമേ മലയോര മേഖലയിൽ കപ്പവാട്ടിന്റെ സമയമാണിത്. വേനൽ മഴ ചതിക്കില്ലെന്ന വിശ്വാസത്തിൽ കപ്പ വാട്ടൽ വിവിധ കപ്പക്കാലകളിൽ സജീവമായ കാഴ്ചയാണ്. കപ്പ അരിയുന്നവർക്കു പങ്കിന് ഉണക്കുകപ്പ നൽകിയാണ് മിക്കയിടത്തും വാട്ടൽ നടക്കുന്നത്.

അരിയുന്ന മുറയ്ക്ക് തിളച്ച വെള്ളത്തിൽ ഇട്ടു വാട്ടിയെടുക്കുന്നു. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലങ്ങളിലും വീടുകളുടെ മു​റ്റത്തും പാറയിലും ടെറസുകളിലുമായി കപ്പ ഉണക്കിയെടുക്കും.

 'റേഷൻ കിറ്റിൽ ഒരു കിലോ കപ്പ'

കാന്താരി വിപ്ളവുമായി ശ്രദ്ധേയമായ കണമല സർവീസ് സഹകരണ ബാങ്ക് പുതിയ നിർദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. 'റേഷൻ കിറ്റിൽ ഒരു കിലോ കപ്പ' എന്നതാണ് കാമ്പയിൻ. കിറ്റിൽ ഒരു കിലോ ഉണക്കു കപ്പകൂടി ഉൾപ്പെടുത്തിയാൽ അത് കർഷകർക്കും ആളുകൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നതാണ് നിർദേശം. സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ എന്നിവ വഴി ന്യായ വില നൽകി കപ്പ സംഭരിക്കാൻ കഴിയുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് ജോസ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്ക് നിവേദനവും നൽകിയിട്ടുണ്ട്.