നാഗമ്പടം നടപ്പാലത്തിലെ സ്ളാബുകൾ ഇളകി മാറി
കോട്ടയം: മൂന്നു വർഷം മുൻപു മാത്രം നിർമ്മിച്ച നാഗമ്പടം മേൽപ്പാലത്തിന്റെ നടപ്പാതയിലെ സ്ളാബുകൾ ഇളകിമാറി. ഇതോടെ കാൽനടക്കാർക്ക് ഏതു നിമിഷവും മേൽപ്പാലത്തിൽ അപകടം സംഭവിക്കാമെന്ന സ്ഥിതിയാണ്.
നാഗമ്പടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ആദ്യം മുതൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. മേൽപ്പാലത്തിലേയ്‌ക്കുള്ള അപ്രോച്ച് റോഡ് ഇരുത്തിപ്പോയതാണ് ആദ്യം പ്രശ്‌നമായത്. പിന്നീട്, ടാർ ചെയ്‌ത് പ്രശ്‌നം പരിഹരിച്ചെങ്കിലും ഇപ്പോഴും അപ്രോച്ച് റോഡും പാലത്തിന്റെ കോൺക്രീറ്റ് ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ പാലത്തിന്റെ കൈവരിയോട് ചേർന്ന ഭാഗത്തെ നടപ്പാതയുടെ സ്ലാബുകൾ ഇളകി മാറിയിരിക്കുന്നത്.
രാത്രിയിൽ പാലത്തിൽ കാര്യമായ വെളിച്ചമില്ല. സ്ലാബുകൾ ഇളകിമാറിയത് അറിയാതെ ആരെങ്കിലും നടപ്പാത വഴിയെത്തിയാൽ അപകട സാധ്യത ഏറെയാണ്. പകൽ സമയത്ത് ഏറെ തിരക്കാണ് ഈ റോഡിലുള്ളത്.
നടത്തം റോഡിൽ
നടപ്പാത തകർന്നതിനെ തുടർന്ന് കാൽ നടയാത്രക്കാരിൽ പലരും റോഡിലിറങ്ങിയാണ് നടക്കുന്നത്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കും. നടപ്പാതയിലെ സ്ലാബുകളിൽ പലതും രണ്ടായി ഒടിഞ്ഞനിലയിലാണ്. നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്‌മയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പാലം നിർമ്മാണത്തിലെ അപാകത അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്..