krishi

കോട്ടയം: പുഞ്ച സ‌്പെഷ്യൽ ഓഫീസിന്റെ ഉടക്കിനെ തുടർന്ന് മെത്രാൻകായലിലെ കൃഷി വീണ്ടും പ്രതിസന്ധിയിൽ. കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷ്യൽ ഓഫീസാണ്. പാടശേഖരങ്ങളിലെ പമ്പിംഗ് ലേലത്തിനായി ഓരോ പാടശേഖരങ്ങളിൽ നിന്നുമുള്ള കർഷകർ കോട്ടയം നഗരത്തിലെ പുഞ്ച സ്‌പെഷ്യൽ ഓഫീസിൽ എത്തണം. ഇത് കർഷകർക്ക് സമയവും പണവും നഷ്‌ടപ്പെടുത്തുന്നതായി കർഷകർ പറയുന്നു. ഇത് കൂടാതെ പുഞ്ച സ്‌പെഷ്യൽ ഓഫിസിന്റെ ഭാഗത്തു നിന്ന് കർഷകർക്ക് അനുകൂലമായ ഇടപെടലല്ല ഉണ്ടാകുന്നതും.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കുമരകം മെത്രാൻ കായലിലെ കൃഷിയിൽ പോലും ഉടക്കിടുകയാണ് പുഞ്ച സ്പെഷ്യൽ ഓഫീസ് ഉദ്യോഗസ്ഥർ . ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അഭ്യർത്ഥിച്ചിട്ടു പോലും മെത്രാൻകായലിലെ പമ്പിംഗ് ലേലത്തിൽ ഇവർ കടുംപിടിത്തം തുടരുകയായിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതു സംബന്ധിച്ചു കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നു പുഞ്ച സ്‌പെഷ്യൽ ഓഫീസറെ ആലപ്പുഴയിലേയ്‌ക്കു സ്ഥലം മാറ്റിയിരുന്നു. എന്നിട്ടും കർഷക വിരുദ്ധ നിലപാടുകൾ തുടരുകയാണ് പുഞ്ച സ്‌പെഷ്യൽ ഓഫീസ് .

നന്നാക്കില്ല, നാട്ടിലെ യന്ത്രങ്ങൾ

ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൊയ്‌ത്ത് യന്ത്രങ്ങൾ വർഷങ്ങളായി കേടായിക്കിടക്കുന്നതിനാൽ വരുത്ത് യന്ത്രങ്ങളെ ആശ്രയിക്കുകയാണ് കർഷകർ. ഇതു മൂലം ലക്ഷക്കണക്കിനു രൂപയാണ് നഷ്ടം. വാടകയിനത്തിൽ മണിക്കൂറിന് 1500 രൂപ വരെ അധികം നൽകിയാണ് തമിഴ്‌നാട്ടിൽ നിന്ന് യന്ത്രങ്ങൾ എത്തിക്കുന്നത്. കേരളത്തിലെ യന്ത്രങ്ങൾക്ക് വാടക മണിക്കൂറിന് 1000 മുതൽ 1500 രൂപ വരെ മാത്രം മതിയാകും.

നിലവിൽ പാടശേഖരങ്ങളിൽ പുഞ്ചകൃഷി ഇറക്കിയിരിക്കുകയാണ്. മാർച്ച് ഒന്നു മുതൽ പുഞ്ച കൃഷി കൊയ്‌ത്ത് തുടങ്ങണം. കനത്ത മഴയും കൊവിഡും മൂലം നഷ്‌ടത്തിലായ വിരുപ്പ് കൃഷി‌യ്‌ക്ക് പകരം ഇക്കുറി വീണ്ടും കൃഷിയിറക്കിയിരുന്നു. ഈ നെല്ല് കൊയ്യേണ്ട സമയമായിട്ടുമുണ്ട്. ഈ സമയത്ത് തന്നെയാണ് തമിഴ്‌നാട്ടിലും കൊയ്ത്ത് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടനിലക്കാർ കർഷകരിൽ നിന്നും വാടകയിനത്തിൽ വൻ കൊള്ളയാണ് നടത്തുന്നത്.

'പാടശേഖരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുഞ്ച സ്പെഷ്യൽ ഒാഫീസിൽ നിന്ന് മാറ്റി ഓരോ പ്രദേശത്തെയും ക‌ൃഷി ഓഫീസുകളെ ഏൽപ്പിക്കണം"

- വിജയപ്പൻ, കുമരകം