kappi
വിളവെടുപ്പിന് പാകമായ കാപ്പിക്കുരു.

കട്ടപ്പന: എന്തിനോ വേണ്ടി കാപ്പി പൂക്കുന്നു, കായ്ക്കുന്നു. വർഷങ്ങളായി തുടരുന്ന വിലത്തകർച്ച മൂലം കാപ്പിക്കുരു വിളവെടുക്കാൻ പോലും കർഷകർ തയാറാകുന്നില്ല. ഒരു പതിറ്റാണ്ടായി കർഷകർക്ക് യാതൊരു മെച്ചവും ലഭിക്കാത്തത് കാപ്പിക്കൃഷിയിൽ നിന്നാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാപ്പിക്കുരു വിളവെടുപ്പ് നടക്കുന്നത്. ഇത്തവണ കാപ്പിക്കുരു പഴുത്ത് പാകമായിട്ടും ചെറുകിട കർഷകർ വിളവെടുപ്പിൽ നിന്നു പോലും വിട്ടുനിൽക്കുകയാണ്. കാപ്പിക്കുരു വിളവെടുത്ത് ഉണക്കി വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും ലഭിക്കുന്നില്ല.


ഉത്പ്പാദനച്ചെലവ് പോലും ലഭിക്കാത്തതിനാൽ ഭൂരിഭാഗം കർഷകരും കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞ് ഏലംകൃഷി വ്യാപിപ്പിക്കുകയാണ്. പല സ്ഥലങ്ങളിലും വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഹൈറേഞ്ചിൽ ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ, മേരികുളം, മാട്ടുക്കട്ട, സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പിക്കൃഷി കൂടുതലായുള്ളത്. ഭൂരിഭാഗം തോട്ടങ്ങളിലും വിളവെടുപ്പ് മന്ദഗതിയിലാണ്.
ഏഴുവർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല. പരമാവധി 140 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്. ഭൂരിഭാഗം കർഷകരും കാപ്പിക്കൃഷിയിൽ നിന്നു പിൻവാങ്ങിയതോടെ ഉത്പ്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടായി. വർഷങ്ങൾക്ക് മുമ്പ് വില 260 രൂപയിൽ എത്തിയിരുന്നു. പിന്നീട് ക്രമേണ വില താഴ്ന്ന് 80 രൂപ വരെയെത്തി. ഏലംകൃഷി വ്യാപനത്തെ തുടർന്ന് പല കാപ്പിത്തോട്ടങ്ങളും അപ്രത്യക്ഷമായിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് കാപ്പിക്കൃഷി സമൃദ്ധമായിരുന്ന മേഖലകളിൽ പോലും നാമമാത്രമായി. വിലയില്ലാത്തതിനാൽ വിളവെടുക്കാനും ഉണങ്ങാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും പേരിന് മാത്രമാണ് കാപ്പിക്കൃഷി ചെയ്യുന്നത്.

റോബസ്റ്റ കാപ്പിപ്പരിപ്പിന് 112 രൂപയും തൊണ്ടോടുകൂടി 62 രൂപയുമാണ് കിലോഗ്രാമിന് വില. അറബി കാപ്പിപ്പരിപ്പിന് 122 രൂപയും തൊണ്ടോകൂടി 78 രൂപയുമാണ്