പട്ടിമറ്റത്ത് അപകടങ്ങൾ പതിവാകുന്നു

പൊൻകുന്നം:ശബരിമല തീർത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിലെ പ്രധാന ജംഗ്ഷനായ പട്ടിമറ്റത്ത് അപകടങ്ങൾ നിത്യസംഭവമാകുന്നു. വെയിറ്റിംഗ് ഷെഡിന് സമീപം ബസ് ബേയിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ബസ്‌ബേയിൽ ഇടമില്ലാത്തതിനാൽ സർവീസ് ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.ഇതമൂലം ഇരുവശങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചമറയുന്നു. ഇതാണ് അപകടങ്ങൾക്ക് കാരണം.
കഴിഞ്ഞദിവസം നിയന്ത്രണംവിട്ട വാൻ ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയതാണ് ഒടുവിലത്തെ അപകടം.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.എരുമേലി ഭാഗത്ത് നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിറുത്താൻ ഒരുങ്ങുമ്പോൾ പിന്നാലെ എത്തിയ വാഹനമാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷകളെ ഇടിച്ച് തെറുപ്പിച്ചത്.സമാനമായ അപകടങ്ങൾ മുൻപും ഇവിടെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സ്വകാര്യ ബസിന്റെ പിൻഭാഗത്ത് നിയന്ത്രണംവിട്ട തീർത്ഥാടക ബസിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.


അശാസ്ത്രീയം

അശാസ്ത്രീയമായ വാഹന പാർക്കിംഗാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.ഒരേ സമയം ഇരുവശങ്ങളിൽ നിന്നും വരുന്ന ബസുകൾ റോഡിൽ നിറുത്തമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടിമറ്റം-മണ്ണാറക്കയം റോഡ് സംഗമിക്കുന്ന പ്രധാന ജംഗ്ഷനും കൂടിയാണ് ഇവിടം. മണ്ണാറക്കയം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ കയറ്റംകയറി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലാണ് ഇവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.പതിവായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചിത്രവിവരണം.പതിവായി അപകടമുണ്ടാകുന്ന പട്ടിമറ്റം കവല.