കട്ടപ്പന: ഡി.വൈ.എഫ്.ഐകോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു. കൊല്ലംപട്ടട സ്വദേശി ചെരുവിളയിൽ ചന്ദ്രമോഹനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് കൊല്ലംപട്ടടയിലാണ് സംഘർഷമുണ്ടായത്. അയൽക്കൂട്ട സഭയിൽ പുറത്തുനിന്നുള്ളവർ പങ്കെടുത്തത് ചോദ്യം ചെയ്തപ്പോൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് ചന്ദ്രമോഹൻ ആരോപിച്ചു. തോളിലും നടുവിനും കുത്തേറ്റ ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആശുപത്രിയിലെത്തി ചന്ദ്രമോഹനെ സന്ദർശിച്ചു. ആക്രമണം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.