
ചങ്ങനാശേരി: ചെത്തിപ്പുഴക്കടവ് റോഡ് തകർന്നിട്ട് നാളുകൾ പിന്നിടുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡിൽ ടാറിംഗ് ഇളകി മെറ്റലും ചരലും പരന്നു കിടക്കുകയാണ്. കൂടാതെ, ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചെത്തിപ്പുഴക്കടവിലേയ്ക്കും സമീപത്തെ പേപ്പർമില്ലിലേയ്ക്കുമുള്ള റോഡാണിത്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിരിക്കുന്ന കടവിലേയ്ക്കുള്ള റോഡാണിത്. റോഡരികിലെ നടപ്പാതകളും തകർന്ന നിലയിലാണ്. റോഡിലേയ്ക്ക് ഇറങ്ങി നില്ക്കുന്ന സംരക്ഷണ ഭിത്തി വളവ് തിരിയുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നത് അപകടത്തിനും ഇടയാക്കുന്നുണ്ട്. പാതയോരങ്ങൾ കാട് പിടിച്ച് കിടക്കുന്നതും യാത്രക്കാർക്ക് ദുരിതമേകുന്നു. വാഹനങ്ങൾ ഇടിച്ച് സംരക്ഷണ ഭിത്തിയുടെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. രാത്രി കാലങ്ങളിൽ കടവിന് ചുറ്റു ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രദേശം ഇരുട്ടിലാണ്. ഇതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മഴക്കാലമായാൽ ഇവിടെ ചെളിവെള്ളം നിറഞ്ഞും വേനൽക്കാലത്ത് പൊടിശല്യവും രൂക്ഷമാണ്. റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.