tour

കോട്ടയം: കുമരകത്ത് രൂപം കൊണ്ട ഉത്തരവാദിത്വ ടൂറിസം മലയോരമേഖലയിലടക്കം വിവിധ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കൊവിഡാനന്തര ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതി പുതുതായി നടപ്പാക്കുന്ന പഞ്ചായത്തുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

കൊവിഡിന് ശേഷമുള്ള ടൂറിസം സമ്പൂർണമായി മാറിയെന്നതാണ് കണ്ടെത്തൽ. നഗരകേന്ദ്രീകൃത ടൂറിസത്തിൽ നിന്ന് ഗ്രാമീണ ടൂറിസത്തിലേയ്ക്ക് ബഹുഭൂരിപക്ഷം ഉപഭോക്താക്കളും മാറി. ഇതോടെ ഗ്രാമീണ ടൂറിസത്തിൽ നവീനമായ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ. കൃഷി, കല, രുചി തുടങ്ങിയ വിവിധ മേഖലകളിൽ തനിനാടൻ രീതിയിലേയ്ക്ക് ടൂറിസത്തെ പറിച്ചു നടുകയാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറിമാർ, പ്രസിഡന്റുമാർ എന്നിവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഓരോ പഞ്ചായത്തുകളിലും പരമാവധി റിസോഴ്സുകൾ കണ്ടെത്തി അവിടെ നൂതന പദ്ധതികൾ നടപ്പാക്കും. നാട്ടിൻപുറത്തെ ആളുകളുടെ സഹകരണവും ഉറപ്പാക്കും. ഇതിനായി പട്ടിക തയ്യാറാക്കിയ പ്രദേശങ്ങളിലേയ്ക്ക് പ്രത്യേക ടൂർ പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കിയിട്ടുണ്ട്. എഴുമാന്തുരുത്ത്, ആയാംകുടി പ്രദേശങ്ങൾ ലോക ടൂറിസം മാപ്പിൽ പെടുത്താനും ശ്രമമുണ്ട്.

 പദ്ധതി 30 പഞ്ചായത്തുകളിൽ

30 പഞ്ചായത്തുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മണിലയാറ്റിൽ കുട്ടവഞ്ചി സവാരിയടക്കം നടപ്പാക്കാൻ പഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

'' പരമാവധി പ്രദേശങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ടൂറിസം മാപ്പിംഗ് പുരോഗമിക്കുന്നു. പരീശീലനവും തുടരുകയാണ്. വിനോദ സഞ്ചാരികൾക്കായി വിവിധ മേഖലകളെ ഉൾപ്പെടുത്തി ടൂർ പാക്കേജുകളും രൂപപ്പെടുത്തും''

- ഭഗത് സിംഗ്, ജില്ലാ കോ-ഓർഡിനേറ്റർ, ഉത്തരവാദിത്വ ടൂറിസം മിഷൻ