
കോട്ടയം: സംസ്ഥാനത്ത് എഥനോൾ അടങ്ങിയ പെട്രോളിന്റെ വിതരണം ആരംഭിച്ചത് വേണ്ടത്ര മുൻകരുതലില്ലാതെയാണെന്ന് പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആന്റ് ലീഗൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പമ്പുകളിൽ ആവശ്യമായ സജ്ജീകരണം ഒരുക്കാത്തതിനാൽ വെള്ളം ചേർന്ന പെട്രോളെന്ന സംശയം വ്യാപകമായി ഉപഭോക്താക്കൾ ഉയർത്തുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായി 10 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഒരാഴ്ചയായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. സാധാരണ പെട്രോളിൽ ജലാംശം ഉണ്ടെങ്കിൽ പ്രത്യേക പാളിയായി ടാങ്കുകളുടെ താഴെ അടിയും. എന്നാൽ, എഥനോൾ കലർന്ന പെട്രോളിൽ ജലം ലയിച്ചുചേരും. ഇത് വെള്ളം എൻജിനിൽ വേഗത്തിൽ എത്തുന്ന സാഹചര്യമുണ്ടാകും.
വെള്ളത്തിെന്റ ചെറിയൊരംശമുണ്ടായാൽ പോലും അത് എഥനോളുമായി കലരുമെന്നതിനാൽ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധിക്കണം. എഥനോൾ വെള്ളവുമായി കലർന്നാൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടു നേരിടും. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകുന്നു.