കോട്ടയം: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ശാസ്ത്രി റോഡിൽ ഗതാഗത നിയന്ത്രണം. ലോഗോസ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾക്ക് ശാസ്ത്രി റോഡിലേയ്ക്ക് പ്രവേശനമില്ല. ഗുഡ്‌വില്ലിന് സമീപം ഗതാഗതം തടയും.
ശീമാട്ടി റൗണ്ടാനയിൽ നിന്ന് കിഴക്കോട്ടുള്ള വാഹനങ്ങൾക്ക് തടസമില്ലാതെ പോകും. ഇവിടെ നിന്നുവരുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പു റോഡ് വഴി നാഗമ്പടത്തേയ്ക്കു പോകാം. എന്നാൽ, നാഗമ്പടത്ത് നിന്ന് കുര്യൻ ഉതുപ്പു റോഡ് വഴി ശാസ്ത്രി റോഡിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ വാഹനങ്ങൾ റെയിൽവേ സ്‌റ്റേഷൻ, ലോഗോസ് ജംഗ്ഷൻ വഴിയാണ് പോകുന്നത്.
നവീകരണത്തിന്റെ ഭാഗമായി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഒരു വശത്തെ നിർമാണമാണ് നടക്കുന്നത്. പബ്ലിക് ലൈബ്രറിയുടെ പ്രധാന വഴിയുടെ മുൻവശം മുതൽ കുര്യൻ ഉതുപ്പ് റോഡ് തിരിയുന്ന ഭാഗം വരെയാണ് ഇപ്പോൾ പണികൾ നടത്തുന്നത്. മണ്ണിട്ട് ഉയർത്തുന്നതോടൊപ്പം ഓടയുടെ നിർമ്മാണവും ആരംഭിച്ചു. കലുങ്ക് പുതുക്കി നിർമ്മിക്കുന്ന ജോലിയും തുടങ്ങി. കലുങ്കിന്റെ പണി നടത്തുന്നതോടൊപ്പം ഈ വശത്തെ ഓടയും പുതുക്കിപ്പണിയും. ഈ മാസം അവസാനത്തോടെ ഒരു വശത്തെ പണികൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന കൊടുത്ത ശേഷം മാത്രമേ മറുഭാഗത്തെ ജോലികൾ ആരംഭിക്കൂ.
നിലവിലള്ള റോഡ് 13 മീറ്റർ മുതൽ 15 മീറ്റർ വരെ വീതി കൂട്ടിയാണ് നിർമ്മിക്കുന്നത്. നടുക്ക് ചെറിയ മീഡിയൻ നിർമ്മിക്കുന്നതോടെ റോഡ് ഇനി 7. 50 മീറ്റർ വീതിയുള്ള 2 റോഡുകളായി മാറും. ഇപ്പോഴത്തെ ചെറിയ മീഡിയനു പകരം ഒന്നര മീറ്റർ മുതൽ 2 മീറ്റർ വരെ വീതിയുള്ള മീഡിയനാണ് പുതുക്കിപ്പണിയുന്നത്. വൈദ്യുത, ടെലിഫോൺ കേബിളുകൾ മീഡിയനിലൂടെ കടത്തിവിടും. വൈദ്യുത ലൈനിനു പകരം എബിസി കേബിൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.