
പൊൻകുന്നം: രാവിലെ 9.58 ന് പ്രാർത്ഥനയോടെ തുടങ്ങും, ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒരു ദിവസം. വേണമെന്നുള്ളവർ മാത്രം പ്രാർത്ഥിച്ച് ജോലി തുടങ്ങുന്നതായിരുന്നു ഇതു വരെയുള്ള പതിവ്. ഇനി അങ്ങനെയല്ല. സി.പി.എം. നേതാവായ പ്രസിഡന്റ് അടക്കം എല്ലാവരും ദിവസവും പ്രാർത്ഥിക്കും.
കഴിഞ്ഞ ദിവസം ജീവനക്കാരുടെ യോഗത്തിലാണ് പ്രാർത്ഥന നിർബന്ധമാക്കാനും പഞ്ചായത്തിന്റെ സേവനങ്ങൾ രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കാനും തീരുമാനമെടുത്തത്.
സെക്രട്ടറി സുജാ മാത്യു, അസിസ്റ്റന്റ് സെക്രട്ടറി എ. എസ്.ചിത്ര എന്നിവർ ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ കെ.പി.കേശവമേനോൻ ഇംഗ്ലീഷിൽ രചിച്ച, ബാലാമണിയമ്മ മൊഴിമാറ്റം നടത്തിയ 'ബലമെനിക്കേകണമേ സത്യത്തിൻ ചേരിയിൽ നിലകൊള്ളാനെപ്പോഴും സർവശക്താ' എന്ന പ്രാർത്ഥനാഗാനം തെരഞ്ഞെടുത്തു. സംഗീതം നൽകിയത് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എസ്. ദേവേഷാണ്.
ജീവനക്കാരും ജനപ്രതിനിധികളും:
വരുന്നവരോട് സൗമ്യമായി പെരുമാറും
കൃത്യമായ സേവനം ഉറപ്പു വരുത്തും
 ഒരാളുടേയും പരാതിക്ക് ഇട വരുത്തില്ല
ജനങ്ങളാണ് യജമാനൻമാർ
'പുതിയ കമ്മിറ്റി അധികാരമേറ്റെടുത്തപ്പോൾ ജനങ്ങളാണ് സർക്കാർ സംവിധാനത്തിലെ യജമാനന്മാരെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് സേവനം യഥാസമയം നൽകാനുള്ള ജീവനക്കാരുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നു.'
അഡ്വ. സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡന്റ്