എലിക്കുളം: രണ്ടര ഏക്കറിൽ നിന്ന് 35 ഏക്കറിലേക്ക് വളർന്ന എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിൽ നൂറുമേനി വിളവിന്റെ സമൃദ്ധി. മൂന്ന്,നാല് വാർഡുകളിലായുള്ള പാടത്ത് കാപ്പുകയം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 22 കർഷകരാണ് ഉമ ഇനത്തിലുള്ള വിത്ത് വിതച്ചത്.

ഇവിടെനിന്നുള്ള അരി എലിക്കുളം റൈസ് എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്. 40 ടണ്ണിന് മുകളിലാണ് ഇക്കുറി വിളവ് പ്രതീക്ഷിക്കുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ് പറഞ്ഞു.

ആവശ്യമുള്ള നെൽവിത്ത് കൃഷിവകുപ്പിൽ നിന്നും സൗജന്യമായി നൽകി. പഞ്ചായത്തിൽ നിന്നും കൂലിച്ചിലവ് ഇനത്തിൽ 1.5 ലക്ഷം രൂപയും കൃഷി വകുപ്പിൽ നിന്നും വളത്തിനുള്ള സബ്‌സിഡിയായി 2000 രൂപയും ലഭിച്ചു.

കാപ്പുകയം പാടത്ത് നടന്ന വിളവുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, കൃഷി ഓഫീസർ നിഷ ലത്തീഫ്,അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അലക്‌സ് റോയ്, അനൂപ് കെ. കരുണാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആശ മോൾ, ദീപ ശ്രീജേഷ്, എന്നിവർ പങ്കെടുത്തു.