അടിമാലി:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 13 ന് ജില്ലയിൽ എത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, മുൻ എം.എൽ.മാരായ അഡ്വ.ഇ.എം.ആഗസ്തി,എ.കെ.മണി എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു.5 കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകുന്നത്.രാവിലെ 9 ന് അടിമാലിയിലാണ് ആദ്യ സ്വീകരണം . തുടർന്ന് നെടുങ്കണ്ടം,കട്ടപ്പന,എല്ലപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൊടുപുഴയിൽ സമാപിക്കും.ശബരിമലയിൽ വിശ്വാസികളെ അപമാനിക്കാനാണ് എൽ.ഡി.എഫ്. ശ്രമിച്ചത് .ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിലിനായി നെട്ടോട്ടമോടുമ്പോൾ പി.എസ്.സി.യെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും, പാർട്ടിക്കാരെയും പിൻവാതിലിലൂടെ നിയമിക്കാനാണ് ഇടതുമുന്നണി മന്ത്രിസഭ തീരുമാനിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നാല് എം.എൽ.എമാരും, അതിൽ ഒരു മന്ത്രിയുമുള്ള എൽ.ഡി.എഫിന് ഭരണത്തിന്റെ അവസാന നാളുകളിലും കഴിഞ്ഞില്ല എന്നത് അപമാനകരമാണ്. സ്വർണ്ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്തി അധോലോക മാഫിയയുടെ മുഖ്യമന്ത്രിയാകാനാണ് പിണറായി ശ്രമിക്കുന്നത്. നേതാക്കൾ പറഞ്ഞു.യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ, കൺവീനർ ഒ.ആർ.ശശി, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.