
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ വാളറക്ക് സമീപം മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു പാതയോരത്ത് നിന്നിരുന്ന ഉണങ്ങിയമരം ദേശിയപാതയിലേക്ക് ഒടിഞ്ഞ് വീണത്.സംഭവ സമയത്ത് ദേശിയപാതയിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.അടിമാലിയിൽ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങൾ എത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ദേശിയപാതയിൽ ഭാഗികമായി ഗതാഗത തടസ്സം ഉണ്ടായി.നേര്യമംഗലം വനമേഖലയിൽ ദേശിയപാതയോരത്ത് അപകടകരമാംവിധം നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.മാസങ്ങൾക്ക് മുമ്പ് ചീയപ്പാറക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് രോഗിയുമായി എത്തിയ ആംബുലൻസ് ദേശിയപാതയിൽ കുരുങ്ങിയിരുന്നു.