പാലാ:കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടന്നത്. ആനകളും ചമയങ്ങളും മേളങ്ങളും പൂർണ്ണമായും ഒഴിവാക്കി. ഇന്നലെ വൈകിട്ട് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടിനെഴുന്നള്ളത്ത് എന്നിവ നടന്നു. തുടർന്ന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ
പോറ്റി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തോടു ചേർന്നുള്ള കടവിലായിരുന്നു ആറാട്ട്. തിരിച്ചെഴുന്നള്ളത്ത്,കലശാഭിഷേകം, പൂജകൾ എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടന്നു. കൊവിഡ് 19 രോഗം മൂലം 2020ൽ മാറ്റിവച്ച ഉത്സവമാണിത്. ഈ വർഷെത്തെ ഉത്സവം ഏപ്രിൽ 13 മുതൽ 20 വരെ നടക്കും. ക്ഷേത്രം ഭാരവാഹികളായ സി.പി.ചന്ദ്രൻ നായർ, എസ്.ഡി.സുരേന്ദ്രൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.