കോട്ടയം : മുപ്പായിപ്പാടം റോഡിൽ മാലിന്യം കുന്നുകൂടിയിട്ടും നഗരസഭാധികൃതർ മൗനംപാലിക്കുന്നതായി ആക്ഷേപം. നഗരസഭയുടെ കോടിമത സൗത്ത് 44ാം വാർഡിൽ കോടിമത ഹൈവേയെയും മണിപ്പുഴ ഈരയിൽക്കടവ് വികസന ഇടനാഴിയെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡാണിത്. രാത്രികാലങ്ങളിലാണ് മാലിന്യംതള്ളൽ കൂടുതൽ. ചാക്കിൽ കെട്ടിയും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യങ്ങൾ തണൽമരങ്ങൾക്ക് ചുറ്റും തള്ളുന്നത്. അസഹ്യമായ ദുർഗന്ധം കാരണം ഇതുവഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്.