post

ചങ്ങനാശേരി:അപകടാവസ്ഥയിൽ റോഡരികിൽ കിടക്കുന്ന ഇലക്ട്രിക് പോസ്റ്റ് യാത്രക്കാർക്ക് ദുരിതമാകുന്നു. വടക്കേക്കര റെയിൽവേ ക്രോസിംഗിനു സമീപത്തായാണ് അപകടകെണിയൊരുക്കി തുരുമ്പെടുത്ത പോസ്റ്റ് അലക്ഷ്യമായി കിടക്കുന്നത്. കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രികർക്കുമാണ് ക്ലേശം സൃഷ്ടിക്കുന്നത്. വീതി കുറഞ്ഞ റോഡിലൂടെ ക്രോസിംഗ് കടന്നു ഇരു ഭാഗത്ത് നിന്നും ഒരു പോലെയാണ് വാഹനങ്ങൾ വരുന്നത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ഉയർന്ന് നില്ക്കുന്ന വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ച് അപകടത്തിനു ഇടയാക്കുന്നു. ഉയർന്ന് നില്ക്കുന്ന ഹംപും തകർന്ന റോഡും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. നാളുകൾക്ക് മുൻപ് ഇതേ റോഡിൽ വൈദ്യുതി പോസ്റ്റുകൾക്ക് സമീപം അലക്ഷ്യമായി കിടന്നിരുന്ന കേബിൾ ലൈനുകൾ ഇരുചക്രവാഹനത്തിൽ കുരുങ്ങി യുവാവ് പോസ്റ്റിൽ ഇടിച്ച് മരിച്ച സംഭവമുണ്ടായിരുന്നു. പോസ്റ്റ് നീക്കം ചെയ്യണമെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരത്തിൽ മറ്റ് പലയിടങ്ങളിലും അപകടകരമായ രീതിയിൽ പൈപ്പ് ലൈനുകളും പോസ്റ്റുകളും റോഡരികിൽ അലക്ഷ്യമായി കിടക്കുന്നുണ്ട്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.