
കോട്ടയം: മുപ്പായിപ്പാടം റോഡിൽ മാലിന്യം കുന്നുകൂടുന്നു. നാട്ടുകാർ പരാതി നൽകിയിട്ടും നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും മൗനം പാലിക്കുന്നു. നഗരസഭയുടെ കോടിമത സൗത്ത് 44ാം വാർഡിൽ കോടിമത ഹൈവേയെയും മണിപ്പുഴ ഈരയിൽ കടവ് വികസന ഇടനാഴി റോഡിനെയും ബന്ധിപ്പിക്കുന്ന മുപ്പായിപ്പാടം റോഡിലാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായും ഇവിടം മാറുന്നു. കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഒരു പോലെ ദുരിതമാകുകയാണ് പ്രദേശത്തെ മാലിന്യ നിക്ഷേപം. അസഹ്യമായ ദുർഗന്ധവും ഇവിടെ നിന്നും വമിക്കുന്നുണ്ട്. ചാക്കിൽകെട്ടിയും പ്ലാസ്റ്റിക് കവറുകളിലുമാണ് മാലിന്യങ്ങളാണ് റോഡരികിലെ തണൽമരങ്ങൾക്ക് ചുവട്ടിൽ കൂടിക്കിടക്കുന്നത്. മാലിന്യം നിക്ഷേപിക്കരുത് എന്ന സന്ദേശ ബോർഡുകളെയും അവഗണിച്ചാണ് മാലിന്യം തള്ളുന്നത്.