amblnce

കോട്ടയം: ജീവൻ രക്ഷിക്കണമെങ്കിൽ തുരുമ്പെടുത്ത ആംബുലൻസിൽ ജീവൻ പണയം വച്ച് വേണം ഇരിക്കാൻ. പാമ്പാടി താലൂക്ക് ആശുപത്രിയിലെ സാധാരണക്കാരായ രോഗികൾക്ക് ഏക ആശ്രയമായ ആംബുലൻസാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 11 വർഷം പഴക്കമുള്ള ആംബുലൻസാണിത്. താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമാണ് ഉള്ളത്. ജില്ലയിൽ കൊവിഡ് സമയത്ത് ഏറ്റവും കൂടുതൽ ഓടിയ ഡിപ്പാർട്‌മെന്റ് ആംബുലൻസിൽ ഒന്നാമത് പാമ്പാടി ആംബുലൻസ് ആണ്. മാസത്തിൽ 10 ദിവസവും വർക്ക് ഷോപ്പിൽ കയറ്റേണ്ട സ്ഥിതിയാണ് നിലവിൽ. ആംബുലൻസ് റണ്ണിംഗ് കണ്ടീഷനാണെങ്കിലും ആംബുലൻസിനുള്ളിലെ തട്ടുകളും ഇരിപ്പിടങ്ങളും തുരുമ്പെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ ആംബുലൻസിന്റെ പിൻവശത്തെ വാതിൽ തുറന്നു പോകുകയും ചെയ്യുന്നു.

ദിവസേന ഒട്ടനവധി അപകടങ്ങൾ ഉണ്ടാകുന്ന കെ.കെ റോഡിൽ ഏക ആശ്രയം ഈ ആശുപത്രി ആണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കും അത്യാവശ സന്ദർഭങ്ങളിൽ മറ്റ് ആശുപത്രികളിലേയ്ക്ക് രോഗികളെ മാറ്റണമെങ്കിലും ഈ ആംബുലൻസ് മാത്രമേയുള്ളൂ. ഇതിൽ യാത്ര ചെയ്യാനുള്ള പേടി കാരണം ആശുപത്രിക്ക് മുൻവശത്തുള്ള സ്വകാര്യ ആംബുലൻസുകളെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 750 രൂപ, ഓക്‌സിജൻ സൗകര്യം ഉണ്ടെങ്കിൽ 2000, 2500 രൂപ വരെ ഇത്തരത്തിൽ സ്വകാര്യ ആംബുലൻസുകൾ ഈടാക്കുന്നു. വിഷയത്തെക്കുറിച്ച് ആശുപത്രി ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലപ്പഴക്കം ചെന്ന ആംബുലൻസ് മാറ്റി കൊടുത്ത് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് നല്കണമെന്നാണ് രോഗികളുടെയും ജനങ്ങളുടെയും ആവശ്യം.