koythu

വൈക്കം: മൂന്നര പതി​റ്റാണ്ടായി തരിശുകിടന്ന പാടശേഖരം സുഭിക്ഷ കേരളം പദ്ധതിയിലൂടെ കതിരണിഞ്ഞപ്പോൾ കൊയ്യാൻ നാടാകെ.

ഉദയനാപുരം പഞ്ചായത്തിലെ വാഴമന സൗത്ത് പാടശേഖരത്തിലാണ് കർഷകരും തൊഴിലാളികളും പ്രദേശവാസികളും ജനപ്രതിനിധികളും ഉൽസവ തിമിർപ്പോടെ കൊയ്ത്തു നടത്തിയത്. 100 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിലെ പത്തേക്കറോളം നിലം മണൽഖനനത്തെ തുടർന്ന് ഗർത്തമായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. പുല്ലും കു​റ്റിച്ചെടികളും വളർന്ന് പതി​റ്റാണ്ടുകളോളം തരിശുകിടന്ന പാടശേഖരത്തെ വീണ്ടും പച്ചപ്പിലേക്കു കൊണ്ടുവരണമെന്ന കർഷകരുടേയും പ്രദേശവാസികളുടേയും തീവ്രമായ അഭിലാഷം കൃഷി വകുപ്പിൽ നിന്ന് വിരമിച്ച ഇ.കെ.സോമൻ പാടശേഖര സെക്രട്ടറിയായതോടെയാണ് കതിരണിഞ്ഞത്. പാടശേഖരത്തിന്റെ മൂന്നു കിലോമീ​റ്ററോളം വരുന്ന പുറംബണ്ടിലെ തകർന്ന ഭാഗങ്ങൾ കട്ടയിട്ടുയർത്തി ബലപ്പെടുത്തി. തരിശുനില കൃഷിക്ക് കൃഷി വകുപ്പും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധികൃതരും തൊഴിലുറപ്പു തൊഴിലാളികളും പിൻബലമേകി.

ഇന്നലെ രാവിലെ 10.30ന് വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നിർവ്വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന പുഷ്‌കരൻ, വൈക്കം കൃഷി അസി. ഡയറക്ടർ പി.പി. ശോഭ, കർഷകസംഘം വൈക്കം ഏരിയ സെക്രട്ടറി ടി.ടി.സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ദീപമോൾ, ശ്യാമള, രേവതി മനീഷ്, കൃഷി ഓഫീസർ നീതു രാജശേഖരൻ, പാടശേഖര സമിതി സെക്രട്ടറി ഇ.കെ. സോമൻ, ട്രഷറർ സി. സന്തോഷ് , ജി.രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

100 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 56 ഏക്കറിലാണിപ്പോൾ കൃഷി. 64 കർഷകരിൽ 34 പേർ കൃഷിയുടെ ഭാഗമായി.