കോട്ടയം : സംശുദ്ധം -സദ്ഭരണം മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 14,15 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ 9 നിയോജക മണ്ഡലാസ്ഥാനങ്ങളിലും യാത്രയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ്. ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എയും, ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലെത്തുന്ന യാത്രയെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് 10 ന് പാലാ, 11 ന് പൂഞ്ഞാർ, ഉച്ചകഴിഞ്ഞ് 3 ന് കറുകച്ചാൽ, 4 ന് . പാമ്പാടി, 5 ന് . ചങ്ങനാശ്ശേരി, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് കോട്ടയത്ത് സമാപിക്കും. 15ന് രാവിലെ 10 ന് ഏറ്റുമാനൂർ, 11 ന് കടുത്തുരുത്തി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് 12ന് വൈക്കത്തെ പൊതുയോഗത്തോടു കൂടി ജില്ലയിലെ പര്യടനം പൂർത്തിയാക്കി അരൂർ വഴി ഐശ്വര്യ കേരളയാത്ര ആലപ്പുഴ ജില്ലയിൽ കടക്കും.
രാഷ്ട്രീയ അത്ഭുതങ്ങൾ സംഭവിക്കും
ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോൾ രാഷ്ട്രീയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ തുടർഭരണമെന്ന ഇടതു മുന്നണി സ്വപ്നം പൂവണിയില്ല. മാണി സി കാപ്പന് പുറമേ, പി.സി.ജോർജ് വന്നാലും സ്വാഗതം ചെയ്യും. സജി മഞ്ഞക്കടമ്പൻ, അസീസ് ബഡായി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.