കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ കുംഭപ്പൂയ ഉത്സവം 25 ന് നടക്കും. ശ്രീകോവിൽ പുനർനിർമ്മാണം നടക്കുന്നതിനാൽ ലളിതമായ ചടങ്ങോടെ ആയിരിക്കും ഇത്തവണ ഉത്സവം. അഷ്ടമംഗലം ദേവപ്രശ്നത്തിൽ ശ്രീകോവിലിന്റെ ജീർണ്ണാവസ്ഥ പരിഹരിച്ച് കൃഷ്ണശിലയിൽ പുനർനിർമ്മിക്കണമെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പഴയ ശ്രീകോവിൽ പൊളിച്ച് മാറ്റി ബാലാലയ പ്രതിഷ്ഠ നടത്തി നിർമ്മാണം ആരംഭിച്ചു. ബാലാലയ പ്രതിഷ്ഠ സമയത്ത് കൊടിയേറ്റ് ഉത്സവ ആഘോഷങ്ങൾ പാടില്ലാത്തതിനാലാണ് ആറാട്ട് ദിനത്തിൽ ലളിതമായ ചടങ്ങോടെ ഉത്സവം നടത്തുന്നതെന്ന് ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ അറിയിച്ചു. ചടങ്ങുകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി മേൽശാന്തി മോനേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. നിർമ്മാണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിന്റെ പടിവയ്പ്പ് ഇന്ന് നടക്കും.