
ചങ്ങനാശേരി: കുറിച്ചി, വാകത്താനം ഗ്രാമപഞ്ചായത്തുകളുടെ സംഗമ പ്രദേശമായ, പുഴയും നെല്‍പാടങ്ങളും നിറഞ്ഞ കളമ്പാട്ടുചിറ ഇനി നാലുമണിക്കാറ്റു മാതൃകയില്‍ വിനോദ, വിശ്രമകേന്ദ്രമാകും. ഇക്കാര്യം ആവശ്യപ്പെട്ട് ത്രിതലപഞ്ചായത്തുകള്‍ക്കും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും ഇത്തിത്താനം വികസന സമിതി നിവേദനം നല്കിയിരുന്നു. പദ്ധതിയുടെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ ഫലമായാണ് നടപടികൾക്ക് വേഗം കൈവരിച്ചത്.
ഇത്തിത്താനത്തു നിന്ന് വാകത്താനത്തിന്റെ പ്രവേശന കവാടമായ ഇവിടം സൗന്ദര്യവത്ക്കരണം നടത്തുന്നതിനും കൊടൂരാറിന്റെ തെക്കന്‍ ശാഖയിലൂടെയുള്ള ജല ടൂറിസം സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കളമ്പാട്ടുചിറയില്‍ ജനകീയ കൂട്ടായ്മയ്ക്ക് തുടക്കമായി. കുറിച്ചി, വാകത്താനം, വാഴപ്പള്ളി എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. അതിനാല്‍, മൂന്ന് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിക്കും.
മീനച്ചിലാര്‍ മീനന്തലയാര്‍ നദി സംയോജന പദ്ധതി ജില്ലാ കോ ഒാര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി. വൈസ് പ്രസിഡന്റ് ബെന്നി ഇളംകാവില്‍, പഞ്ചായത്ത് അംഗം ജോബി ചട്ടത്തില്‍, കോരസണ്‍ സഖറിയ, ഫാ. സി. ജോണ്‍ ചിറത്തലാറ്റ്, എ.ജെ. ജോണ്‍, ബാബു മാവിലശ്ശേരില്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, പടിയറക്കടവ് ഉല്ലാസ തീരം ഭാരവാഹികള്‍, ജനകീയ കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നല്ല സായാഹ്നങ്ങൾക്കായി...
കളമ്പാട്ടുചിറയുടെ ഭംഗി തിരിച്ചറിഞ്ഞ് സന്നദ്ധസംഘടനകള്‍ ചെടികളും പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. തോടിന് സംരക്ഷണഭിത്തി കെട്ടുകയും റോഡരികില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്താൽ സായാഹ്നങ്ങളില്‍ കുടുംബങ്ങള്‍ക്ക് സമയം ചെലവഴിക്കാനുള്ള സൗകര്യം ലഭിക്കും. പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും മേല്‍നോട്ടവും കുടുംബശ്രീയെ ഏല്‍പ്പിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകും.