കട്ടപ്പന: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കണക്കിലെടുത്ത് ഇന്ധനവില 51 രൂപയാക്കി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സൈക്കിൾ യാത്ര നടത്തും. 51 സൈക്കിളുകളുമായി ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പനയിൽ നിന്നാരംഭിക്കുന്ന യാത്ര റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് തങ്കമണിയിൽ എത്തുന്ന യാത്രയുടെ സമാപനം സംസ്ഥാന സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും. ഇന്ധനത്തിനുപുറമേ നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിച്ചിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. വില വർദ്ധിപ്പിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾക്ക് നൽകിയ കേന്ദ്ര സർക്കാർ ജനത്തെ വെല്ലുവിളിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, ഭാരവാഹികളായ ടെസിൻ കളപ്പുര, ജോജി പാറക്കുന്നേൽ, ജോമറ്റ് ഇളംതുരുത്തിയിൽ, ആനന്ദ് വടശേരിൽ എന്നിവർ പറഞ്ഞു.